ഇതുകൊണ്ടൊന്നും പ്രതിപക്ഷനതാവിനെ നിശബ്ദനാക്കാന്‍ കഴിയില്ല; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് ചെന്നിത്തല

ബാര് കോഴ ആരോപണത്തില് തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്സ് അന്വേഷണത്തില് പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
 | 
ഇതുകൊണ്ടൊന്നും പ്രതിപക്ഷനതാവിനെ നിശബ്ദനാക്കാന്‍ കഴിയില്ല; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് ചെന്നിത്തല

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. കോടതിയുടെ മുന്‍പിലുള്ള കേസില്‍ പഴയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. രണ്ട് സര്‍ക്കാരുകള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിയ കേസില്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതമായാണെന്നും ചെന്നിത്തല പറഞ്ഞു.

ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തങ്ങളാരും കോഴ വാങ്ങിയിട്ടില്ല. തന്റെ കൈകള്‍ ശുദ്ധമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബാര്‍കോഴ വിവാദങ്ങളില്‍ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയ്ക്കും കെ.ബാബുവിനും വി.എസ്.ശിവകുമാറിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയിരിക്കുന്നത്.

പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് പിരിച്ചെടുത്ത 10 കോടി രൂപയില്‍ ഒരു കോടി ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം ശിവകുമാറിനും നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.