ഏത്തമിടീക്കല്‍ പോലുള്ള സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണ് ലംഘിച്ചതിന് ആളുകളെ ഏത്തമിടുവിച്ചതു പോലെയുള്ള സംഭവങ്ങള് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി.
 | 
ഏത്തമിടീക്കല്‍ പോലുള്ള സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ആളുകളെ ഏത്തമിടുവിച്ചതു പോലെയുള്ള സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയാണ് നിര്‍ദേശം ലംഘിച്ച് കൂട്ടംകൂടിയവരെ ഏത്തമിടുവിച്ചത്. സംഭവത്തില്‍ ഹോം സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് പല സ്ഥലത്തും പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സ്വീകാര്യതയും ലഭിക്കുന്നുണ്ട്. എന്നാല്‍ ഏത്തമിടീക്കല്‍ പോലെയുള്ള സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കണ്ണൂര്‍ അഴീക്കലില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. പട്രോളിംഗിനിടെ കടയുടെ മുന്നില്‍ കൂട്ടംകൂടി നിന്നവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഓടാന്‍ കഴിയാതെ നിന്ന മൂന്നു പേരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഏത്തമിടീച്ചത്. ഇതിനെതിരെ സംസാരിച്ച ഒരു സ്ത്രീയെ പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ യതീഷ് ചന്ദ്രയോട് വിശദീകരണം തേടി. പരസ്യമായി ശിക്ഷ നടപ്പാക്കിയ സംഭവത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ യതീഷ് ചന്ദ്രയുടെ വിശദീകരണത്തിന് ശേഷം തീരുമാനമെടുക്കും. അതേസമയം നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് ഈ നടപടിയെന്നാണ് യതീഷ് ചന്ദ്ര വിശദീകരിച്ചത്.