‘പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകം, പച്ചക്കള്ളം പ്രചരിപ്പിക്കരുത്’; രൂക്ഷപ്രതികരണവുമായി പിണറായി

അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില് വ്യാപകമായി അറസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു മോഡി കഴിഞ്ഞ ദിവസം പറഞ്ഞത്.
 | 
‘പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകം, പച്ചക്കള്ളം പ്രചരിപ്പിക്കരുത്’; രൂക്ഷപ്രതികരണവുമായി പിണറായി

കൊല്ലം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു മോഡി കഴിഞ്ഞ ദിവസം പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണ്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നരേന്ദ്ര മോഡി നടത്തിയത്. അദ്ദേഹം പച്ചക്കള്ളം ആവര്‍ത്തിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

അയ്യപ്പന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം മാത്രമാണ്. അദ്ദേഹം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതിന്റെ ഭാഗമാണ് ഈ പ്രസ്താവന. ഇവിടെ ആരെയും അദ്ദേഹം പറഞ്ഞ രീതിയില്‍ അറസ്റ്റ് ചെയ്തിട്ടില്ല. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പിണറായി പറഞ്ഞു. നിയമം ലംഘിച്ചാല്‍ ആര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ മോഡിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട. സന്നിധാനത്ത് അക്രമികളെത്തിയത് മോഡിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി ചൂണ്ടിക്കാണിച്ചു. അതേസമയം ശബരിമല വിഷയം ഉയര്‍ത്തിക്കാണിച്ച് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും പലയിടത്തും ബി.ജെ.പി പ്രചാരണം നടക്കുന്നത് ശരണം വിളികളോടെയാണ്. നേരത്തെ സമാന സംഭവത്തില്‍ ബി.ജെ.പി തൂശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു.