മുഖ്യമന്ത്രിയും ക്വാറന്റീനിലേക്ക്; സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കില്ല

മലപ്പുറം ജില്ലാ കളക്ടര്ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തില് മുഖ്യമന്ത്രി ക്വാറന്റീനില് പ്രവേശിക്കുന്നു.
 | 
മുഖ്യമന്ത്രിയും ക്വാറന്റീനിലേക്ക്; സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ക്വാറന്റീനില്‍ പ്രവേശിക്കുന്നു. കരിപ്പൂര്‍ വിമാന ദുരന്ത സ്ഥലം സന്ദര്‍ശിച്ചതിനാല്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. കരിപ്പൂരില്‍ പോയ മറ്റ് മന്ത്രിമാരും ക്വാറന്റീനില്‍ പ്രവേശിക്കും. നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും മുഖ്യമന്ത്രിക്ക് പകരം പങ്കെടുക്കുക.

ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തന സമയത്ത് നിയോഗിക്കപ്പെട്ടിരുന്ന മന്ത്രി എ.സി.മൊയ്തീനും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്ത ദിവസം കരിപ്പൂരില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു. ബെഹ്‌റ നേരത്തേ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

മന്ത്രിമാരായ കെ.ടി.ജലീല്‍, വി.എസ്.സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും ദുരന്തസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പെട്ടിമുടിയിലേക്ക് നടത്തിയ യാത്രയിലും മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും ഉണ്ടായിരുന്നു.

മലപ്പുറം കളക്ടര്‍, സബ്കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ ഉള്‍പ്പെടെ 22 പേര്‍ക്കാണ് ഇന്ന് രാവിലെ കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവി അബ്ദുള്‍കരീമിന് കോവിഡ് ബാധ കണ്ടെത്തിയിരുന്നു.