മാധ്യമപ്രവര്‍ത്തകയോട് ‘മാറി നില്‍ക്ക്’ എന്നാജ്ഞാപിച്ച് സിപിഎം ജില്ലാ സെക്രട്ടറി വീഡിയോ

ന്യൂസ് 18 ചാനലിന്റെ ലൈവ് റിപ്പോര്ട്ടിംഗിനിടെ നടന്ന സംഭവം സോഷ്യല് മീഡിയയില് ചര്ച്ചയായി മാറിയിരിക്കുകയാണ്.
 | 
മാധ്യമപ്രവര്‍ത്തകയോട് ‘മാറി നില്‍ക്ക്’ എന്നാജ്ഞാപിച്ച് സിപിഎം ജില്ലാ സെക്രട്ടറി വീഡിയോ

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ സമരത്തിനിടെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. ‘എങ്ങനെയാണ് സമരവുമായി നമ്മള്‍ മുന്നോട്ട് പോകുന്നതെന്ന്’ ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് ‘അതൊന്നും പറയാന്‍ പറ്റില്ല, സമരത്തിനിടയ്ക്കാണോ ബൈറ്റ് എടുക്കുന്നത്. മാറി നില്‍ക്ക്’. എന്നായിരുന്നു സി.എന്‍ മോഹനന്‍ മറുപടി പറഞ്ഞത്.

ന്യൂസ് 18 ചാനലിന്റെ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ”പാലാരിവട്ടം പാലം അഴിമതിക്കെതിരെ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം. പ്രതികരണം തേടിയ റിപ്പോര്‍ട്ടര്‍ക്ക് നേരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതിഷേധ പ്രകടനം” എന്ന അടിക്കുറിപ്പ് നല്‍കി വീഡിയോ ന്യൂസ് 18 തന്നെയാണ് നവമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം നേതാക്കളുടെ മാധ്യമങ്ങളോടുള്ള സമീപനവുമായി ബന്ധപ്പെട്ട് നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്കു പുറത്ത്’ നയം തന്നെയാണ് സി.എന്‍. മോഹനന്റെ ആക്രോശത്തിലും വ്യക്തമാവുന്നതെന്ന് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മാധ്യമങ്ങളോടുള്ള നേതാക്കളുടെ ഇത്തരം നിഷേധാത്മക നിലപാട് പാര്‍ട്ടിയെ തന്നെ ബാധിക്കുമെന്നാണ് അനുഭാവികള്‍ പോലും വിലയിരുത്തുന്നത്.