നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

നടി ആക്രമണത്തിന് ഇരയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില് പൂര്ത്തിയാക്കണമെന്ന് സുപ്രീം കോടതി
 | 
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടി ആക്രമണത്തിന് ഇരയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. പീഡന ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരുടെ ബഞ്ചാണ് ദിലീപിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കേണ്ടെന്ന് കോടതി വിധിച്ചു. വേണമെങ്കില്‍ ദിലീപിന് ദൃശ്യങ്ങള്‍ കാണാനാകും. ഇരയുടെ സ്വകാര്യത ഹനിക്കപ്പെടുമെന്നതിനാല്‍ ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. ഇത് തെളിയിക്കുന്നതിനായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കാമെന്ന് കോടതി പറഞ്ഞു.

ദിലീപ് തെരഞ്ഞെടുക്കുന്ന വിദഗ്ദ്ധര്‍ക്ക് പരിശോധിക്കേണ്ട വിഷയങ്ങള്‍ തയ്യാറാക്കാം. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന്‍ സാക്ഷികളെ വിസ്തരിക്കാം. ഈ റിപ്പോര്‍ട്ട് വിചാരണ പൂര്‍ത്തിയാക്കുന്നത് വരെ കേസിലെ പ്രതികള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ ലഭ്യമാക്കാവൂ.

ദൃശ്യങ്ങള്‍ കാണുന്നതിനും കോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനായി ദിലീപിന് മജിസ്‌ട്രേറ്റിനോട് അക്കാര്യം ആവശ്യപ്പെടാം. അഭിഭാഷകര്‍ക്ക് ഒപ്പമോ, ഐടി വിദഗ്ദ്ധര്‍ക്ക് ഒപ്പമോ ദിലീപിന് ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ഇങ്ങനെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവ പകര്‍ത്തുന്നില്ല എന്ന് വിചാരണ കോടതി ഉറപ്പ് വരുത്തണം. ദൃശ്യങ്ങള്‍ കാണാനുള്ള അവസരം ഉപയോഗിച്ച് വിചാരണ വൈകിപ്പിക്കരുതെന്നും കോടതി പറഞ്ഞു.