കൊറോണ വൈറസ് യൂറോപ്പിലേക്കും പടരുന്നു; രോ​ഗബാധിതരെ ചികിത്സിച്ച ചൈനീസ് ഡോക്ടർ മരിച്ചു

ചൈനയിൽ പടർന്നു പിടിച്ച കോറോണ വൈറസ് യൂറോപ്പിലേക്കും പടരുന്നു.
 | 
കൊറോണ വൈറസ് യൂറോപ്പിലേക്കും പടരുന്നു; രോ​ഗബാധിതരെ ചികിത്സിച്ച ചൈനീസ് ഡോക്ടർ മരിച്ചു

വുഹാൻ: ചൈനയിൽ പടർന്നു പിടിച്ച കോറോണ വൈറസ് യൂറോപ്പിലേക്കും പടരുന്നു. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഫ്രഞ്ച് ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയില്‍ ആയിരത്തിലധികം പേര്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 41 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഓസ്ട്രേലിയയിലും ഒരാൾക്ക് രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു. ലിയാങ് വുഡോങ് എന്ന ഡോക്ടർ ആണ് മരിച്ചത്. വുഹാൻ പ്രവിശ്യയിൽ ചികിത്സയുടെ ഏകോപനച്ചുമതലയുണ്ടായിരുന്ന ഡോക്ടറായിരുന്നു ഇദ്ദേഹം. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്.

കൊറോണ വൈറസ് ബാധയെ തുടർന്ന് സൗദിയിൽ ചികിത്സയിലുള്ള മലയാളി നഴ്സിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി ജിദ്ദ കോൺസുലേറ്റ് വ്യക്തമാക്കി. ഇവരെ രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്നും ജിദ്ദ കോൺസുലേറ്റ് അറിയിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്. സൗദി തലസ്​ഥാന നഗരത്തിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത്​ എന്ന സ്വകാര്യ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്​സാണ്​ ഇവർ.