കൊറോണ വൈറസ്; രോഗബാധ മറച്ചുവെച്ചാല്‍ നിയമനടപടിയെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

സംസ്ഥാനത്തെമ്പാടും 1116 പേരാണ് കൊവിഡ്-19 ബാധ സംശയത്തിലുണ്ട്.. ഇതില് 967 പേര് വീടുകളിലാണ്. 149 പേര് ആശുപത്രികളിലാണ്. ഇവരെല്ലാം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിലെ പ്രവാസി കുടുംബം നേരിട്ട് സമ്പര്ക്കം പുലര്ത്തിയ 270 ഓളം പേര് നിരീക്ഷണത്തിലുണ്ട്.
 | 
കൊറോണ വൈറസ്; രോഗബാധ മറച്ചുവെച്ചാല്‍ നിയമനടപടിയെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കോവിഡ്-19 ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയ പനി, ചുമ തുടങ്ങിയ രോഗങ്ങളുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലും കൊറോണയെ പ്രതിരോധിക്കാന്‍ സ്വീകരിച്ചിട്ടുള്ള സമാന തയ്യാറെടുപ്പുകളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഹോം ഐസലേഷന്‍ പാലിക്കാതിരുന്ന ദന്ത ഡോക്ടര്‍ക്കെതിരെ സൗദി നിയമനടപടി സ്വീകരിച്ചിരുന്നു.

സമാന നീക്കങ്ങളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കാനൊരുങ്ങുന്നത്. കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ വിവരം മറച്ചുവച്ചാല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സാമ്പിള്‍ പരിശോധനാ സൗകര്യമൊരുക്കുമെന്നും, തിരുവനന്തപുരത്തും ഈ സൗകര്യം തുടങ്ങാന്‍ അനുമതി കിട്ടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുള്ളവരുടെ പരിശോധനകള്‍ പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും.

സംസ്ഥാനത്തെമ്പാടും 1116 പേരാണ് കൊവിഡ്-19 ബാധ സംശയത്തിലുണ്ട്.. ഇതില്‍ 967 പേര്‍ വീടുകളിലാണ്. 149 പേര്‍ ആശുപത്രികളിലാണ്. ഇവരെല്ലാം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിലെ പ്രവാസി കുടുംബം നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 270 ഓളം പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 95 പേര്‍ക്ക് രോഗം വരാന്‍ വലിയ സാധ്യതയുള്ളതിനാല്‍ അവര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ആരോഗ്യമന്ത്രി വ്യക്തമാക്കി.

449 പേര്‍ ഇവരുമായി സെക്കന്ററി കോണ്ടാക്ട് പുലര്‍ത്തി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുമായും ആരോഗ്യവകുപ്പ് സംസാരിക്കുന്നുണ്ട്. ഇവരും കര്‍ശനനിരീക്ഷണത്തിലുണ്ട്. പത്തനംതിട്ടയില്‍ അങ്ങനെ കോണ്ടാക്ട് ട്രേസിംഗ് മികച്ച രീതിയില്‍ത്തന്നെ മുന്നോട്ടുപോകുന്നു. ഇനി ഏതാണ്ട് ആയിരം പേരെക്കൂടി ബന്ധപ്പെടേണ്ടതുണ്ട് – എന്നും ആരോഗ്യമന്ത്രി പറഞ്ഞു.