രണ്ടാമൂഴം കേസ്; മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്റെ ആവശ്യം കോടതി തള്ളി

രണ്ടാമൂഴത്തിന്റെ തിരക്കഥ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി.വാസുദേവന്നായര് നല്കിയ കേസില് മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട കാര്യമില്ലെന്നും കേസ് മുന്നോട്ടു പോകുമെന്നും കോഴിക്കോട് അഡീഷണല് മുന്സിഫ് കോടതി പറഞ്ഞു. അടുത്ത മാസം ഏഴാം തിയതി കേസ് വീണ്ടും പരിഗണിക്കും.
 | 
രണ്ടാമൂഴം കേസ്; മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്റെ ആവശ്യം കോടതി തള്ളി

കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട കാര്യമില്ലെന്നും കേസ് മുന്നോട്ടു പോകുമെന്നും കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി പറഞ്ഞു. അടുത്ത മാസം ഏഴാം തിയതി കേസ് വീണ്ടും പരിഗണിക്കും.

തിരക്കഥ നല്‍കി നാലു വര്‍ഷമായിട്ടും ചിത്രത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചത്. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവില്‍ ചിത്രം ആരംഭിക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയിരുന്നു.

പ്രശ്ന പരിഹാരത്തിന് കോടതി മധ്യസ്ഥനെ ചുമതലപ്പെടുത്തണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മധ്യസ്ഥനെ ചുമതലപ്പെടുത്തരുതെന്ന് എം.ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

തിരക്കഥ തിരുത്താന്‍ ആര്‍.എസ്.എസിന്റെ ദേശീയ നേതൃത്വം ആവശ്യപ്പെട്ടുവെന്നും അതേത്തുടര്‍ന്നാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ടതെന്നും വിവരമുണ്ട്. ആര്‍.എസ്.എസുകാരുടെ തിരുത്തലുകളോടെ തന്റെ തിരക്കഥ സിനിമയാകേണ്ടതില്ലെന്ന നിലപാടാണ് എം.ടി. സ്വീകരിച്ചത്. നാഗ്പൂരില്‍ നിന്നും അനുമതി ലഭിക്കാന്‍ വൈകിയതാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് വൈകിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളോട് എം.ടി പ്രതികരിച്ചിട്ടില്ല. പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി നിര്‍മിക്കുന്ന ബഹുഭാഷാ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍.

ലയാളത്തില്‍ എഴുതിയ തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ എം.ടി. തന്നെ നിര്‍വ്വഹിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. ഇത് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അയച്ചതാണ് എം.ടിയെ ചൊടിപ്പിച്ചത്. തിരക്കഥ നാഗ്പൂരില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതായും പറയപ്പെടുന്നു.