ബിനീഷ് കോടിയേരിയെ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു

അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാല് ദിവസം കസ്റ്റിയില് വിട്ടു.
 | 
ബിനീഷ് കോടിയേരിയെ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാല് ദിവസം കസ്റ്റിയില്‍ വിട്ടു. ഇന്ന് ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷിനെ സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്‌തേക്കും.

അനൂപ് മുഹമ്മദിന്റെ മൊഴിയനുസരിച്ചാണ് ബിനീഷിനെ കസ്റ്റിയില്‍ എടുത്തതെന്നാണ് വിവരം. ബിനീഷില്‍ നിന്ന് നേരത്തേ ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തിരുന്നു.

അനൂപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിനീഷിനെ രണ്ടാമതും വിളിച്ചുവരുത്തിയത്. ബിനീഷ് പറഞ്ഞത് അനുസരിച്ചാണ് ബിസിനസില്‍ മറ്റുള്ളവര്‍ പണം നിക്ഷേപിച്ചതെന്നായിരുന്നു അനൂപ് മുഹമ്മദ് നല്‍കിയ മൊഴി. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദും ബിനീഷും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇഡി അന്വേഷിക്കുന്നത്.

മയക്കുമരുന്ന് ഇടപാടിലൂടെ 50 ലക്ഷത്തിലധികം രൂപ അനൂപ് സമ്പാദിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. ബംഗളൂരുവില്‍ വിവിധയിടങ്ങളില്‍ അനൂപ് നടത്തിവന്നിരുന്ന ഹോട്ടലുകളിലൂടെ ലഹരിക്കടത്ത് നടന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.