സുരേഷ്ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്; കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതെന്ന് വാദം

മുളകുപ്പാടം ഫിലിംസിന്റെ ബാനറില് ടോമിച്ചന് മുളകുപ്പാടം നിര്മ്മിക്കാനിരുന്ന സുരേഷ്ഗോപിയുടെ കടുവാക്കുന്നേല് കുറുവച്ചന് എന്ന ചിത്രത്തിന് കോടതി വിലക്ക്.
 | 
സുരേഷ്ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്; കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതെന്ന് വാദം

മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കാനിരുന്ന സുരേഷ്ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിന് കോടതി വിലക്ക്. സുരേഷ്ഗോപിയുടെ 250-ാം ചിത്രമെന്ന നിലയിലായിരുന്നു ഇത് പ്രഖ്യാപിക്കപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന.

സുരേഷ്ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്; കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതെന്ന് വാദം

സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. കഥാപാ്രതത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു. ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.

ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഇതിന്റെ തിരക്കഥ. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കി. ഹര്‍ജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവന്‍ കോടതിയില്‍ ഹാജരായി.