ശിവശങ്കറിനെ പേടിയാണോ, പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് അറസ്റ്റ് ചെയ്തത്? കസ്റ്റംസിനെ രൂക്ഷമായി ശകാരിച്ച് കോടതി

മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില് കസ്റ്റംസിനെ രൂക്ഷമായി വിമര്ശിച്ച് കോടതി
 | 
ശിവശങ്കറിനെ പേടിയാണോ, പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് അറസ്റ്റ് ചെയ്തത്? കസ്റ്റംസിനെ രൂക്ഷമായി ശകാരിച്ച് കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. ശിവശങ്കറിനെ മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. പ്രതി വഹിച്ചിരുന്ന ഉന്നത പദവികളെ കുറിച്ച് അറിയാഞ്ഞിട്ടാണോ രേഖപ്പെടുത്താത്തതെന്ന് ചോദിച്ച കോടതി കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്നും ചോദിച്ചു. ശിവശങ്കറിനെ 5 ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

ശിവശങ്കറിന്റെ പദവികള്‍ രേഖപ്പെടുത്താത്തതിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയണം. മറ്റെല്ലാ ഏജന്‍സികളും നടപടികള്‍ എടുത്ത ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്തിനാണ് പതിനൊന്നാം മണിക്കൂറിലെ അറസ്റ്റ്? ഇതിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും നിങ്ങള്‍ തന്നെയല്ലേ ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തതെന്നും കോടതി ചോദിച്ചു.

എന്തിനാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതെന്നു പോലും കസ്റ്റംസിന്റെ അപേക്ഷയില്‍ വ്യക്തമാക്കുന്നില്ല. ഇത് പതിവു ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണ്. കള്ളക്കടത്തില്‍ ശിവശങ്കര്‍ എങ്ങനെയാണ് ഒത്താശ ചെയ്തതെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നില്ല. എന്നാല്‍ ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമാണ്. ഉന്നത പദവികളില്‍ ഇരുന്ന് അധികാര ദുര്‍വിനിയോഗം നടത്തിയോ എന്ന് കസ്റ്റംസ് തെളിയിക്കണമെന്നും കോടതി പറഞ്ഞു.