സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1310 പേര്‍ക്ക്; ആകെ മരണങ്ങള്‍ 73 ആയി

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1310 പേര്ക്ക്
 | 
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1310 പേര്‍ക്ക്; ആകെ മരണങ്ങള്‍ 73 ആയി

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1310 പേര്‍ക്ക്. ഇന്നലത്തെ 425 പേരുടെ ഫലം കൂടി ചേര്‍ത്തുള്ള കണക്കാണ് ഇത്. ഇന്ന് മാത്രം 885 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചവരെയുള്ള ഫലങ്ങള്‍ മാത്രമേ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നുള്ളു. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളിലെ ഫലങ്ങളായിരുന്നു ബാക്കിയുണ്ടായിരുന്നത്.

ഇത് കൂടി ചേര്‍ത്ത് തിരുവനന്തപുരത്ത് 320 പേര്‍ക്കും, എറണാകുളത്ത് 132 പേര്‍ക്കും, പത്തനംതിട്ടയില്‍ 130 പേര്‍ക്കും, വയനാട് 124 പേര്‍ക്കും, കോട്ടയത്ത് 89 പേര്‍ക്കും, കോഴിക്കോട് 84 പേര്‍ക്കും, പാലക്കാട് 83 പേര്‍ക്കും, മലപ്പുറത്ത് 75 പേര്‍ക്കും, തൃശൂരില്‍ 60 പേര്‍ക്കും, ഇടുക്കിയില്‍ 59 പേര്‍ക്കും, കൊല്ലത്ത് 53 പേര്‍ക്കും, കാസര്‍കോട് 52 പേര്‍ക്കും, ആലപ്പുഴയില്‍ 35 പേര്‍ക്കും, കണ്ണൂരില്‍ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണങ്ങള്‍ 73 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

864 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 498 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.