ശുചിത്വത്തിനായി സി.പി.എം. ജനകീയ പ്രസ്ഥാനം രൂപീകരിക്കുന്നു

സമ്പൂർണ്ണ ശുചിത്വം എന്ന ലക്ഷ്യം നിറവേറ്റാനായി ജനകീയ പ്രസ്ഥാനം രൂപീകരിക്കുമെന്ന് സി.പം.എം സംസ്ഥാനക്കമ്മറ്റി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയോടെ വിപുലമായി ബഹുജനങ്ങളെ ഉറവിട മാലിന്യ സംസ്കരണത്തിനായി അണിനിരത്താനാണ് പാർടി ഉദ്ദേശിക്കുന്നതെന്ന് മുൻ മന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
 | 
ശുചിത്വത്തിനായി സി.പി.എം. ജനകീയ പ്രസ്ഥാനം രൂപീകരിക്കുന്നു

തിരുവന്തപുരം: സമ്പൂർണ്ണ ശുചിത്വം എന്ന ലക്ഷ്യം നിറവേറ്റാനായി ജനകീയ പ്രസ്ഥാനം രൂപീകരിക്കുമെന്ന് സി.പം.എം സംസ്ഥാനക്കമ്മറ്റി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയോടെ വിപുലമായി ബഹുജനങ്ങളെ ഉറവിട മാലിന്യ സംസ്‌കരണത്തിനായി അണിനിരത്താനാണ് പാർടി ഉദ്ദേശിക്കുന്നതെന്ന് മുൻ മന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ പാർട്ടി മെമ്പർമാരുടെയും ബഹുജന പ്രവർത്തകരുടെയും വീടുകളിൽ ബയോഗ്യാസ് പ്ലാന്റോ പൈപ്പ് കമ്പോസ്റ്റോ സ്ഥാപിച്ച് മാതൃക സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു. ഏതെങ്കിലും കാരണവശാൽ വീട്ടിൽ തന്നെ മാലിന്യം സംസ്‌കരിക്കാൻ സാധിക്കാത്തവർക്കുവേണ്ടി പ്രാദേശികമായി പൊതു സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇവ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പാർടി പ്രവർത്തകർ സഹായിക്കും. ഓരോ ബ്രാഞ്ചും സ്വന്തം അതിർത്തിയിലെ മാലിന്യക്കൂമ്പാരം കണ്ടുപിടിക്കുകയും അവിടം ശുചിയാക്കുകയും മേലിൽ അവിടെ മാലിന്യം വലിച്ചെറിയില്ല എന്ന് ഉറപ്പുവരുത്തുന്നതിനുളള ജാഗ്രത പുലർത്തുകയും ചെയ്യും.

പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ നഗരങ്ങളിലും ഒക്ടോബർ മാസത്തിൽ പാർട്ടി മുൻകൈയെടുത്ത് ശിൽപശാലകൾ സംഘടിപ്പിക്കും. ഇതിൽ മാലിന്യ സംസ്‌കരണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കും. നവംബർ മാസത്തിൽ നഗരസഭകളുടെയും നഗര പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിൽ കാമ്പയിൻ ആരംഭിക്കുമെന്നും തോമസ് ഐസക് അറിയിച്ചു. ഇടതു സർക്കാർ അധികാരത്തിലെത്തിയാലാണ് പദ്ധതി സമഗ്രമായി നടപ്പാക്കാനാകൂവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.