പങ്കെടുത്തത് 10 പേര്‍, മേല്‍നോട്ടത്തിന് തഹസില്‍ദാര്‍മാര്‍; കൊറോണ ബാധിതന്റെ മൃതദേഹം സംസ്‌കരിച്ചു

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള് അനുസരിച്ച് കൊറോണ ബാധിച്ച് മരിച്ച സേഠ് യാക്കൂബ് ഹുസൈന്റെ സംസ്കാരം നടത്തി
 | 
പങ്കെടുത്തത് 10 പേര്‍, മേല്‍നോട്ടത്തിന് തഹസില്‍ദാര്‍മാര്‍; കൊറോണ ബാധിതന്റെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി: ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് കൊറോണ ബാധിച്ച് മരിച്ച സേഠ് യാക്കൂബ് ഹുസൈന്റെ സംസ്‌കാരം നടത്തി. 5 ബന്ധുക്കള്‍ ഉള്‍പ്പെടെ 10 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പത്തടി താഴ്ചയില്‍ കുഴിയെടുത്തായിരുന്നു സംസ്‌കാരം. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സംസ്‌കാരത്തില്‍ തഹസില്‍ദാര്‍മാര്‍ നേതൃത്വം നല്‍കി.

കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ചുള്ളിക്കല്‍ ജുമാ മസ്ജിദിലേക്ക് മൃതദേഹം നേരിട്ട് എത്തിക്കുകയായിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം കൊണ്ടുവന്ന പ്ലാസ്റ്റിക് ബാഗ് തുറക്കുകയോ ആരെയും കാണിക്കുകയോ ചെയ്തില്ല. വളരെ വേഗത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ വ്യക്തിയാണ് സേഠ് യാക്കൂബ് ഹുസൈന്‍.

ദുബായില്‍ നിന്നും ഈ മാസം 16 നാണ് ഇയാള്‍ നാട്ടിലെത്തുന്നത്. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 22ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ രോഗബാധ വ്യക്തമായതോടെ ഐസോലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയ ഇദ്ദേഹത്തിന് കടുന്ന ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യയും നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവറും രോഗബാധിതരാണ്. ഇവര്‍ കൊച്ചിയില്‍ എത്തിയ വിമാനത്തിലുണ്ടായിരുന്ന 40 പേര്‍ നിരീക്ഷണത്തിലാണ്.