ദേഹപരിശോധന, സിസിടിവി, മൊബൈല്‍ ജാമര്‍; പി.എസ്.സി പരീക്ഷാ നടത്തിപ്പിന് പുതിയ നിര്‍ദേശങ്ങള്‍

പി.എസ്.സി പരീക്ഷകള് നടത്തുന്നതിന് പുതിയ മാര്ഗനിര്ദേശങ്ങള് സമര്പ്പിച്ച് ക്രൈംബ്രാഞ്ച്.
 | 
ദേഹപരിശോധന, സിസിടിവി, മൊബൈല്‍ ജാമര്‍; പി.എസ്.സി പരീക്ഷാ നടത്തിപ്പിന് പുതിയ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. പരീക്ഷാര്‍ത്ഥികളുടെ ദേഹപരിശോധയും പരീക്ഷാ കേന്ദ്രത്തില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കലും സിസിടിവി സ്ഥാപിക്കലും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പി.എസ്.സി സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന കത്തിലുള്ളത്. എട്ട് ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്.

  • നിലവിലുള്ള സീറ്റിംഗ് പാറ്റേണ്‍ മാറ്റണമെന്നാണ് ആദ്യ നിര്‍ദേശം. എ,ബി,സി,ഡി പാറ്റേണ്‍ ആണ് ഇപ്പോള്‍ പിന്തുടരുന്നത്. ഇത് പരീക്ഷയെഴുതുന്നവര്‍ മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത വിധത്തില്‍ ക്രമീകരിക്കണം.
  • ഇന്‍വിജിലേറ്റര്‍മാരായി കൃത്യമായി പരിശീലനം നല്‍കിയവരെയും നിശ്ചിത യോഗ്യതയുള്ളവരെയും മാത്രമേ നിയോഗിക്കാവൂ. വിവിധ പരീക്ഷാഹാളുകള്‍ ഉള്ള കേന്ദ്രങ്ങളില്‍ പി.എസ്.സിയുടെ ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടായിരിക്കണം.
  • പരീക്ഷാര്‍ത്ഥികളുടെ ദേഹപരിശോധന നടത്തണം. സ്മാര്‍ട്ട് വാച്ച്, മൊെൈബെല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍പീസ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഷൂസ്, ബെല്‍റ്റ്, ബട്ടന്‍ തുടങ്ങിയവ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കണം. ബട്ടനുകള്‍, ആഭരണങ്ങള്‍, കണ്ണാടി, പേന തുടങ്ങിയവയില്‍ ക്യാമറകള്‍ ഇല്ലെന്ന് ഉറപ്പാക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
  • ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ മൊബൈല്‍/പോര്‍ട്ടബിള്‍ വൈഫൈ ജാമറുകള്‍ സ്ഥാപിക്കണം.
  • പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കുന്നത് ക്രമക്കേടുകള്‍ തടയാന്‍ സഹായിക്കും. ഉയര്‍ന്ന തസ്തികകളിലേക്കും എണ്ണത്തില്‍ കുറവുള്ളതുമായ പരീക്ഷകളില്‍ ഡിസ്‌ക്രിപ്ടീവ് ചോദ്യങ്ങളുണ്ടെങ്കില്‍ കയ്യെഴുത്ത് പരിശോധനയിലൂടെ പിന്നീടാണെങ്കിലും ആള്‍മാറാട്ടം കണ്ടെത്താം.
  • പരീക്ഷാ കേന്ദ്രങ്ങളില്‍ വാച്ച് നിരോധിക്കുക. സമയം അറിയാന്‍ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കുകയോ നിശ്ചിത ഇടവേളകളില്‍ മണിയടിക്കുകയോ ചെയ്യാം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.