മരടിലെ ഫ്‌ളാറ്റുകള്‍ അനധികൃതമെന്ന് ക്രൈംബ്രാഞ്ച്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

ചട്ടം ലംഘിച്ച് ഫ്ളാറ്റുകള് നിര്മ്മിക്കാന് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം.
 | 
മരടിലെ ഫ്‌ളാറ്റുകള്‍ അനധികൃതമെന്ന് ക്രൈംബ്രാഞ്ച്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ചവയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഫ്‌ളാറ്റുകള്‍ നില്‍ക്കുന്ന സ്ഥലം തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിക്കപ്പെട്ടവയാണ്. കൂടാതെ കായലിന്റെ ചില ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയതായും വ്യക്തമായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫ്‌ളാറ്റുകള്‍ നിയമാനുസൃതമല്ല നിര്‍മ്മിക്കപ്പെട്ടതെന്ന് വ്യക്തമായോതോടെ മരട്
മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായിട്ടുണ്ട്.

മുന്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ഇന്ന് തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. ചട്ടം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. പുതിയ സാഹചര്യത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെയും ചോദ്യം ചെയ്യും. ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനധികൃത രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

നേരത്തെ മന്ത്രിസഭ തീരുമാന പ്രകാരം ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനിക്കെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. വഞ്ചനക്കും, നിയമലംഘനം മറച്ചുവച്ച് വില്‍പ്പന നടത്തിയതിനുമാണ് കേസെടുത്തത്. കേസില്‍ ശക്തമായ നടപടിയുണ്ടാകും നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ ഉടന്‍ കണ്ടുകെട്ടുമെന്നും സൂചനയുണ്ട്. അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ വിദഗദ്ധനായ വ്യക്തി മരട് സന്ദര്‍ശിക്കും.