ജോളി ഉപയോഗിച്ചിരുന്ന ഫോണുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്; അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക്

ജോളി ഉപയോഗിച്ചിരുന്ന ഫോണുകളുടെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കൂടുതല്പ്പേരെ ചോദ്യം ചെയ്യാനാവും ക്രൈംബ്രാഞ്ച് ശ്രമിക്കുക.
 | 
ജോളി ഉപയോഗിച്ചിരുന്ന ഫോണുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്; അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന ഫോണുകള്‍ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളുമായി അന്വേഷണസംഘം. ജോളിയുടെ അടുത്ത ബന്ധുക്കളുടെ കൈയ്യിലാണ് ജോളിയുടെ ഫോണുകളെന്നാണ് സൂചന. നേരത്തെ ജോളി മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. രഹസ്യ ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

ജോളി ഉപയോഗിച്ചിരുന്ന ഫോണുകളുടെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍പ്പേരെ ചോദ്യം ചെയ്യാനാവും ക്രൈംബ്രാഞ്ച് ശ്രമിക്കുക. കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമെ കൂടുതല്‍ അറസ്റ്റുണ്ടാവുകയുള്ളുവെന്ന് നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. പരാതിക്കാരനായ റോജോയെ അമേരിക്കയില്‍ നിന്ന് വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ ജോളി കൊലപ്പെടുത്തിയ റോയിയുടെ സഹോദരനാണ് റോജോ.

കഴിഞ്ഞ മാസമാണ് റോജോ വിവരവകാശ രേഖയുള്‍പ്പെടെ ഹാജരാക്കി റോയിയുടെ മരണവുമായി ബന്ധപ്പെട്ട സംശയമുന്നയിക്കുന്നത്. തന്റെ സംശയങ്ങളും സ്വത്ത് തട്ടിയെടുക്കാന്‍ ജോളി വ്യാജരേഖ ചമയ്ക്കുന്നുവെന്ന കാര്യമുള്‍പ്പെടെ ഉന്നയിച്ച് റൂറല്‍ എസ്പിക്ക് റോജോ പരാതി നല്‍കി. ജോളിയുടെ ക്രൂരകൃത്യത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നതും റോജോ തന്നെയാണ്. റോജോയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിലൂടെ കേസില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് കരുതുന്നത്.