യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് സൂരജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില് ഭര്ത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
 | 
യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് സൂരജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ഉത്രയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി സൂരജിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി.

കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. റൂറല്‍ എസ്പി ഹരിശങ്കറിനാണ് മേല്‍നോട്ട ചുമതല. മെയ് 7നാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സൂരജിനും കുട്ടിക്കും ഒപ്പം കിടന്ന ഉത്രയെ രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പാമ്പുകടിയേറ്റതാണെന്ന് ആശുപത്രിയില്‍ നിന്ന് വ്യക്തമായതോടെ വീട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു. മുറിയില്‍ നിന്ന് കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു. മാര്‍ച്ച് 2നാണ് അടൂരിലെ ഭര്‍തൃവീട്ടില്‍ വെച്ച് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. അതിന് മുന്‍പ് വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ ഉത്ര കണ്ടിരുന്നുവെന്നും സൂരജ് പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കി കൊണ്ടുപോയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സൂരജിന് പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് ഉത്രയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് ചികിത്സക്ക് ശേഷം വിശ്രമത്തിനായാണ ഉത്ര അഞ്ചലിലെ സ്വന്തം വീട്ടിലെത്തിയത്. രണ്ടാമത് പാമ്പുകടിയേറ്റ മുറി എസി ഉള്ളതാണെന്നും ജനലും വാതിലും അടച്ചിട്ട മുറിയില്‍ പാമ്പ് വന്നതില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്. അതേസമയം സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ കൊലപ്പടുത്തിയതെന്ന് കാട്ടി സൂരജും പരാതിയുമായെത്തിയിരുന്നു.