സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രിക്ക് നേരെ തെറിവിളിയുമായി സംഘപരിവാര്‍

സൈനികരുടെ കുടുംബാംഗങ്ങള്ക്ക് അനുശോചനം രേഖപ്പെടുത്താന് പിണറായി വിജയന് അവകാശമില്ലെന്നാണ് പലരുടെയും ആരോപണം.
 | 
സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രിക്ക് നേരെ തെറിവിളിയുമായി സംഘപരിവാര്‍

കൊച്ചി: അരുണാചല്‍ പ്രദേശില്‍ എ.എന്‍-32 എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ തെറിവിളികളുമായി സംഘപരിവാര്‍ അനുകൂലികള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അധിക്ഷേപിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് ശേഷവും അധിക്ഷേപ കമന്റുകള്‍ക്ക് യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ പിണറായി വിജയന് അവകാശമില്ലെന്നാണ് പലരുടെയും ആരോപണം.

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചതിന് 119 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 41 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാണ് മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും അധിക്ഷേപിച്ചതിന് നടപടി എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് 12 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ ഫെയിസ്ബുക്കില്‍ തെറിവിളിച്ച ചങ്ങനാശേരി മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശ പര്യടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേജില്‍ വന്ന പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് ഇയാള്‍ തെറിവിളിയുമായി എത്തിയത്.