വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്; 10,000 ആളുകളെ ഒഴിപ്പിച്ചു

അറബിക്കടലില് ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്.
 | 
വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്; 10,000 ആളുകളെ ഒഴിപ്പിച്ചു

ഗാന്ധിനഗര്‍: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്. ഗുജറാത്തില്‍ ചുഴലിക്കാറ്റ് ശക്തമായി വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി കച്ച് ജില്ലയില്‍ നിന്ന് 10,000 ആളുകളെ ഒഴിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് തീരം തൊടും. പോര്‍ബന്തര്‍, വെരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളില്‍ ശക്തമായ കാറ്റുവീശും.

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് വിലയിരുത്തല്‍. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗം 90 കിലോമീറ്ററായി കുറയും. 60 ലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഗുജറാത്ത് തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കര, നാവിക സേനകളെയും കോസ്റ്റ് ഗാര്‍ഡിനെയും ഗുജറാത്ത് തീരത്ത് വിന്യസിച്ചിരിക്കുകയാണ്. 700 സൈനികരെയും ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെയും സംസ്ഥാനത്ത് നിയോഗിച്ചു.

വായു ചുഴലിക്കാറ്റ് കേരളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെങ്കിലും ശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശിയേക്കും. ഗുജറാത്തിനു പുറമേ കേരളം, കര്‍ണാടകം, മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.