Thursday , 28 May 2020
News Updates

ഭക്ഷണവും മരുന്നും വാങ്ങാന്‍ പോയ സന്നദ്ധസേനാ വോളണ്ടിയറായ ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊറോണ പ്രതിരോധത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധസേനയുടെ വോളണ്ടിയറെയും കസ്റ്റഡിയില്‍ എടുത്ത് പോലീസ്. ആലപ്പുഴ, ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. ആറാം വാര്‍ഡിലെ ഐഎച്ച്ഡിപി കോളനിയില്‍ (അയ്യന്‍കാളി കോളനി) താമസിക്കുന്ന പ്രേം പ്രസാദ് എന്ന ദളിത് യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 11.20ഓടെ കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റൊട്ടിയും പാലും ബിസ്‌കറ്റും മരുന്നുകളും വാങ്ങുന്നതിനായി കറ്റാനം, പള്ളിമുക്കിലേക്ക് പോകുന്നതിനിടെ വള്ളികുന്നം എസ്‌ഐ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റുകയായിരുന്നുവെന്ന് പ്രേം ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴുത്തില്‍ തൂക്കിയിരുന്ന ഹെല്‍ത്ത് വോളണ്ടിയര്‍ ഐഡി കാര്‍ഡ് പിടിച്ചെടുത്ത് ജീപ്പിലേക്ക് എറിയുകയും തന്റെ വിശദീകരണം കേള്‍ക്കാതെ നാട്ടുകാരുടെ മുന്‍പില്‍ വെച്ച് അപമാനിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ സമയം ജീപ്പില്‍ ഇരുത്തിയ ശേഷമാണ് 6 കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. 3 മണിയോടെ വെള്ള പേപ്പറില്‍ ഒപ്പിടുവിച്ച ശേഷമാണ് തന്നെ വിട്ടയച്ചതെന്നും പ്രേം പറയുന്നു.

സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ലംഘിച്ചുകൊണ്ട് കൈയില്‍ ഗ്ലൗസ് ധരിക്കാതെയാണ് കയ്യില്‍ പിടിച്ചു വലിച്ച് lന്നെ എസ്‌ഐ ജീപ്പില്‍ കയറ്റിയത്. പൊലീസ് പിടി കൂടിയ അഞ്ചോളം പേരെ അവരുടെ സ്‌കൂട്ടറുകളില്‍ മുഖാവരണം പോലും ഇല്ലാതെ പോലീസുകാരെ കയറ്റി സാമൂഹിക അകലം പാലിക്കാതെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ടാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നു പ്രേം വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം

കോവിഡ്19 നെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ വാക്ക് കേട്ടിറങ്ങിയ സന്നദ്ധ പ്രവർത്തകനായ എനിക്കുണ്ടായ അനുഭവം.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് വോളന്റിയറും, സന്നദ്ധ സേനാ വോളന്റിയറും ആണ് ഞാൻ. ഭരണിക്കാവ് പഞ്ചായത്തിലെ ആറാം വാർഡിലെ ഐ എച്ച്‌ ഡി പി കോളനി (അയ്യൻകാളി കോളനി) യിലാണ് ഞാൻ താമസിക്കുന്നത് 07-04-20 ചൊവ്വാഴ്ച രാവിലെ 11.20 മണിയോട് കൂടി കോളനിയിലെ കുട്ടികൾക്കും മുതിർന്നവർക്കും പാലും, റൊട്ടിയും, ബിസ്കറ്റും ,മരുന്നും വാങ്ങാനായി കറ്റാനം പള്ളിമുക്കിലുള്ള ബേക്കറിയിലേക്കും മെഡിക്കൽ സ്റ്റോറിലേക്കും ഹെൽമെറ്റും, മുഖാവരണം ധരിച്ച് സ്കൂട്ടറിൽ പോയ എന്നെ വള്ളികുന്നം എസ് ഐ നടുറോഡിൽ തടഞ്ഞു നിർത്തി പൊലീസ് ജീപ്പിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയുണ്ടായി. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ലംഘിച്ചുകൊണ്ട് കൈയിൽ ഗ്ലൗസ് ധരിക്കാതെയാണ് എന്റെ കയ്യിൽ പിടിച്ചു വലിച്ച് എന്നെ എസ് ഐ ജീപ്പിൽ കയറ്റിയത്.
ഞാൻ കഴുത്തിൽ തൂക്കിയിട്ടിരുന്ന ഹെൽത്ത് വോളന്റിയറുടെ ഐഡി കാർഡ് പിടിച്ചെടുത്ത് ജീപ്പിനകത്തേക്ക് എറിയുകയും എന്റെ വിശദീകരണം കേൾക്കാൻ കൂട്ടാക്കാതെ നാട്ടുകാരുടെ മുൻപിൽ വച്ച് അപമാനിക്കുകയും ചെയ്തു.
ഒരു മണിക്കൂർ സമയം എന്നെ ജീപ്പിൽ ഇരുത്തുകയും പിന്നീട് 6 കിലോമീറ്റർ അകലെ വള്ളികുന്നം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രണ്ടര മണിക്കൂർ സമയം പൊലീസ് സ്റ്റേഷനിൽ ഇരുത്തി വെള്ളപേപ്പറിൽ ഒപ്പിടുവിച്ച് പകൽ 3 മണിയോടുകൂടി വിട്ടയക്കുകയും ചെയ്തു.
ഇക്കാരണം കൊണ്ട് സമയത്തിന് ഭക്ഷണ സാധനങ്ങളും മരുന്നും കോളനി നിവാസികൾക്ക് എത്തിച്ചുകൊടുക്കാൻ സാധിച്ചില്ല. വള്ളികുന്നം എസ് ഐ
എന്നെ മാനസികമായി പീഡിപ്പിക്കുകയും പൊതു സമൂഹത്തിന്റെ മുമ്പിൽ വച്ച് പരസ്യമായി മനപ്പൂർവ്വം അധിക്ഷേപിക്കുകയും ചെയ്തു.
എന്നോടൊപ്പം പൊലീസ് പിടി കൂടിയ അഞ്ചോളം പേരെ അവരുടെ സ്കൂട്ടറുകളിൽ മുഖാവരണം പോലും ഇല്ലാതെ പോലീസുകാരെ കയറ്റി സാമൂഹിക അകലം പാലിക്കാതെ സർക്കാർ നിർദ്ദേശം ലംഘിച്ച്കൊണ്ടാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പട്ടികജാതി പുലയ സമുദായത്തിൽപ്പെട്ട എം.എ സോഷ്യോളജി ബിരുദധാരിയായ പൊതുപ്രവർത്തകനാണ് ഞാൻ.
എന്റെ വാർഡിന്റെ പരിധിയിൽപ്പെട്ട സ്ഥലമാണ് ഞാൻ സാധനങ്ങൾ വാങ്ങാൻ പോയ കറ്റാനം പള്ളിമുക്ക്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ എനിക്കുണ്ടായ അനുഭവമാണ് മേൽ വിവരിച്ചത്.

കോവിഡ്19 നെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ വാക്ക് കേട്ടിറങ്ങിയ സന്നദ്ധ പ്രവർത്തകനായ എനിക്കുണ്ടായ അനുഭവം.

ആലപ്പുഴ…

Posted by Prem Latha Prasad on Tuesday, April 7, 2020

DONT MISS