മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് 5 മണിക്ക് അവസാനിക്കും; പ്രതിഷേധം ശക്തം

മരടിലെ ഫ്ളാറ്റുകള് ഒഴിയാനായി നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കും.
 | 
മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് 5 മണിക്ക് അവസാനിക്കും; പ്രതിഷേധം ശക്തം

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനായി നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കും. വൈകുന്നേരം 5 മണിക്കുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാണ് ഉടമകള്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് നല്‍കിയത് മുതല്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഫ്‌ളാറ്റ് ഉടമകള്‍. ഇന്ന് മരട് നഗരസഭയ്ക്ക് മുന്നില്‍ ഇവര്‍ നിരാഹാര സമരം നടത്തും.

നഗരസഭ നല്‍കിയ നോട്ടീസിന് കായലോരം ഫ്‌ളാറ്റ് ഉടമകള്‍ മറുപടി നല്‍കിയിട്ടുണ്ട്. ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് തങ്ങളെ ഇറക്കി വിടാനുള്ള നീക്കമെന്നും ഒരു കാരണവശാലും ഒഴിഞ്ഞു പോകില്ലെന്നും താമസക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി. നോട്ടീസ് നിയമാനുസൃതമല്ലെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഉടമകള്‍ പറയുന്നു.

സമയപരിധിക്കുള്ളില്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരമനുസരിച്ച് മുന്നറിയിപ്പില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസ് വ്യക്തമാക്കുന്നത്. വിഷയത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഇടപെടാന്‍ ആരംഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഫ്‌ളാറ്റ് ഉടമകളെ കണ്ടു. ബിജെപി നേതൃത്വവും ഇടപെടുമെന്നാണ് വിവരം.