കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടെ മരണം കൊലപാതകം; സഹപ്രവര്‍ത്തകന്‍ പിടിയില്‍

കടപ്പുറത്ത് മരിച്ച നിലയില് കണ്ടെത്തിയ അധ്യാപിക കൊല ചെയ്യപ്പെട്ടതാണെന്ന് പോലീസ്.
 | 
കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടെ മരണം കൊലപാതകം; സഹപ്രവര്‍ത്തകന്‍ പിടിയില്‍

കാസര്‍കോട്: കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപിക കൊല ചെയ്യപ്പെട്ടതാണെന്ന് പോലീസ്. ചിഗുര്‍പദവ് നിന്ന് കാണാതായ രൂപശ്രീ എന്ന അധ്യാപികയെ മൂന്ന് ദിവസത്തിന് ശേഷം കോഴിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ രൂപശ്രീ ജോലി ചെയ്തിരുന്ന അതേ സ്‌കൂളില്‍ സഹ അധ്യാപകനായ വെങ്കട്ടരമണ കരന്തരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും രൂപശ്രീയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷം സ്‌കൂളിലെ അധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തില്‍ പൊലീസിന് അന്ന് സംശയം തോന്നിയിരുന്നു. രൂപശ്രീയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ വെങ്കട്ടരമണ ബലംപ്രയോഗിച്ച് ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൃതദേഹം കാറില്‍ കൊണ്ടുവന്ന് കടപ്പുറത്ത് ഉപേക്ഷിച്ചു.

രൂപശ്രീയെ ചിലര്‍ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് ഭര്‍ത്താവ് നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെങ്കട്ടരമണയുടെ വീട്ടിലും കാറിലും നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രൂപശ്രീയുടെ തലമുടിയും ശരീരസ്രവങ്ങളുടെ അംശവും ലഭിച്ചുവെന്നാണ് വിവരം.