Friday , 21 February 2020
News Updates

സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് ദീപാ നിഷാന്ത്; എക്‌സ്‌ക്ലൂസീവ് വീഡിയോ ഇന്റര്‍വ്യൂ

കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് വിശദീകരണവുമായ ദീപാ നിശാന്ത്. വ്യക്തിപരമായ ബന്ധങ്ങളെ ബാധിക്കും എന്ന ഭയത്താല്‍ സംഭവത്തിന്റെ അണിയറയില്‍ നടന്ന കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം അവരുടെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളുള്‍പ്പെടെ ദീപ ന്യൂസ് മൊമന്റ്‌സിനോട് വിശദീകരിച്ചു. ന്യൂസ് മൊമന്റ്‌സ് പ്രതിനിധിക്ക് അനുവദിച്ച എക്‌സ്‌ക്ലൂസീവ് വീഡിയോ ഇന്റര്‍വ്യൂവിലാണ് ദീപ ഇതുവരെ പുറത്ത് പറയാത്ത വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചത്.

ഒരു സുഹൃത്താണ് തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതെന്ന് ദീപ പറഞ്ഞു. 2010ല്‍ താന്‍ എഴുതിയ കവിതയാണ് ഇതെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇയാള്‍ ഇത് തനിക്ക് അയച്ചിട്ടുണ്ട്. ഈ വിവാദങ്ങള്‍ ഉടലെടുത്ത ദിവസവും അത് സത്യമാണെന്നാണ് താന്‍ കരുതിയത്. എസ്. കലേഷ് ആ കവിത തന്റെ ബ്ലോഗില്‍ നിന്നും മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നായിരുന്നു സുഹൃത്തിന്റെ വാദം. അതിന് മുന്‍പ് ഒരു ലിറ്റില്‍ മാഗസിനില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ തെളിവുണ്ടെന്നും സുഹൃത്ത് പറഞ്ഞതായി ദീപ ഇന്റര്‍വ്യൂവില്‍ പറയുന്നു. അത് പ്രസിദ്ധീകരിക്കണമെന്ന് പല തവണ സുഹൃത്തിനോട് പറഞ്ഞെങ്കിലും വൈകാരികമായ പല കാര്യങ്ങളും ഉള്ളതിനാല്‍ തനിക്ക് പ്രസിദ്ധീകരിക്കാന്‍ താത്പര്യമില്ലെന്ന് അയാള്‍ പറഞ്ഞു. ദീപക്ക് വേണമെങ്കില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാം എന്ന അനുമതിയും നല്‍കി. ആ കവിത എഡിറ്റ് ചെയ്ത് തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് വലിയ പിഴവായി. ഇതിന് കേരളത്തിലെ വായനാ സമൂഹത്തോടും കലേഷിനോടും താന്‍ നിരുപാധികം മാപ്പ് പറയുന്നുവെന്ന് ദീപ പറഞ്ഞു.

Also Read: തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനാഭിമാന സംഗമം പരിപാടിയില്‍ നിന്ന് ദീപ നിഷാന്തിനെയും ശ്രീചിത്രനെയും ഒഴിവാക്കി

കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നയാളാണ് തന്നെ തെറ്റിദ്ധരിപ്പിച്ചത്. താന്‍ അയാളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങളായി എന്റെ സുഹൃത്താണയാള്‍. മനോഹരമായി സംസാരിക്കുന്ന അയാളെ അവിശ്വസിക്കാന്‍ എനിക്ക് തോന്നിയില്ല. അയാള്‍ക്ക് ഇങ്ങനെയൊരു കവിതയെഴുതാന്‍ കഴിയും എന്ന് തന്നെയായിരുന്നു എന്റെ വിചാരം. അതിനാലാണ് മറിച്ചൊരു സാധ്യതയേക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയാതിരുന്നത്. അതിന് നല്‍കേണ്ടി വന്ന വില വലുതായിരുന്നു. എന്റെ മുഴുവന്‍ എഴുത്തിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുംവിധമാണ് ആരോപണങ്ങള്‍ ഉയരുന്നതെന്നും ദീപ നിശാന്ത് പറഞ്ഞു. പുസ്തകങ്ങളുടെ പേരുകള്‍ പോലും മോഷണമാണെന്ന് ആരോപിക്കപ്പെടുകയാണ്. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയിലെ മുട്ടോളമേയല്ല ഭൂതകാലക്കുളിര്‍ എന്ന വരിയില്‍ നിന്നാണ് മുട്ടറ്റമേയല്ല ഭൂതകാലക്കുളിര്‍ എന്ന പേര് ഞാനെടുത്തിട്ടുള്ളത്. ഇത് കെ.ജിഎസിനോട് ഞാന്‍ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. എന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയിട്ടുമുണ്ട്. ഈ പേര് താന്‍ മറ്റൊരാളില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്. ഇത്തരം ബാലിശമായ കുറ്റപ്പെടുത്തലുകളെ തള്ളിക്കളയുന്നതായും ദീപ പറഞ്ഞു.

തന്റെ അശ്രദ്ധ കൊണ്ടാണ് ഇതുപോലൊരു വിവാദം ഉണ്ടായതെന്ന് സമ്മതിക്കുന്നു. കലേഷ് മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയാണ്. അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടായി. അത് വലിയ തെറ്റാണ്. അതിന് കലേഷിനോട് നിരുപാധികം മാപ്പ് ചോദിക്കുകയാണ്. കേരളത്തിന്റെ പൊതുസമൂഹത്തോടും വായനാ സമൂഹത്തോടും ഇതില്‍ മാപ്പ് ചോദിക്കുന്നതായും ദീപ പറഞ്ഞു.

വീഡിയോ

DONT MISS