ഒ.വി.വിജയന്റെ മകന് പരാതി നല്കി; ‘ഖസാക്കിന്റെ ഇതിഹാസം’ നാടകം അവതരിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു
ന്യൂഡല്‍ഹി: ദീപന് ശിവരാമന് സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം നാടകം അവതരിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി. ഒ.വി.വിജയന്റെ മകന് മധു വിജയന് നല്കിയ പകര്‍പ്പവകാശ ഹര്‍ജിയിലാണ് കോടതി നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖസാക്കിന്റെ ഇതിഹാസം മറ്റേതെങ്കിലും രൂപത്തില്‍ പുനര്‍നിര്‍മിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും അവതരിപ്പിക്കുന്നതും തടഞ്ഞുകൊണ്ടാണ് ഉത്തരവ്.
ഒ.വി. വിജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെ പകര്‍പ്പവകാശം മകനായ മധുവിനാണ് ലഭിച്ചത്. നാടകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി മധു നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്റെ അനുമതി വാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കുകയും ചെയ്തു. പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി സംവിധായകന് ദീപന് ശിവരാമന് നോട്ടീസയച്ചിരുന്നു. നാടകാവിഷ്കാരത്തിന് അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപന് ഇ-മെയില്‍ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് മധു വാദിക്കുന്നത്.
നവംബര്‍ 11 മുതല്‍ 13 വരെ മുംബൈയില്‍ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് കോടതിയുടെ നടപടി. കേസ് നവംബര്‍ 28-ന് വീണ്ടും പരിഗണിക്കും.