Saturday , 17 November 2018
News Updates

ദിലീപ് വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍; വിവാദങ്ങളില്‍ നാണംകെട്ട് എഎംഎംഎ

ദിലീപ് വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയാകുന്നു. ലൈംഗികാതിക്രമക്കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ തിരിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാലുപേര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതുമുള്‍പ്പെടെയുള്ള വാര്‍ത്ത ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനിലാണ് പ്രത്യക്ഷപ്പെട്ടത്. ഇടവേള ബാബു മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണമുള്‍പ്പെടെയാണ് വാര്‍ത്ത.

ദിലീപ് എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണന്‍ പദമനാഭന്‍ പിള്ള നടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നുവെന്ന് നടി പദ്മപ്രിയ പറഞ്ഞതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടനയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ച വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകരായ നടിമാരുടെ ഫെയിസ്ബുക്ക് പോസ്റ്റും വാര്‍ത്തയില്‍ ഉദ്ധരിക്കുന്നു.

കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡിയിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന നടനെ പുറത്താക്കിയ നടപടി തെറ്റായിപ്പോയെന്ന എഎംഎംഎയുടെ വിലയിരുത്തലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തെത്തി. നാണംകെട്ടു നിന്ന സംഘടനയെ രക്ഷിക്കാന്‍ ഒടുവില്‍ തിരികെയില്ലെന്ന പ്രഖ്യാപനവുമായി ദിലീപ് തന്നെ രംഗത്തെത്തിയെങ്കിലും പ്രതിഷേധങ്ങള്‍ കുറയുന്നില്ല.

DONT MISS