ഷെയ്ന്‍ നിഗം വിഷയത്തില്‍ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം ചര്‍ച്ചയെന്ന് ബി.ഉണ്ണികൃഷ്ണന്‍

ഷെയ്ന് നിഗം വിഷയത്തില് മോഹന്ലാല് എത്തിയ ശേഷം ചര്ച്ചയാകാമെന്ന് ഫെഫ്ക.
 | 
ഷെയ്ന്‍ നിഗം വിഷയത്തില്‍ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം ചര്‍ച്ചയെന്ന് ബി.ഉണ്ണികൃഷ്ണന്‍

കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തില്‍ മോഹന്‍ലാല്‍ എത്തിയ ശേഷം ചര്‍ച്ചയാകാമെന്ന് ഫെഫ്ക. സിനിമകള്‍ മുടങ്ങരുതെന്നും വിദേശത്ത് പോയ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും ഫെഫ്ക പ്രതിനിധി ബി.ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് അമ്മയും ഫെഫ്കയുമാണ് ഉറപ്പ് കൊടുക്കേണ്ടത്.

ഷെയ്ന്‍ സംസാരിച്ചതിലുള്ള അതൃപ്തി മൂലം അവര്‍ ഉടനെ ചര്‍ച്ചക്കില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അവരുടെ വികാരത്തെ ബഹുമാനിച്ച് തത്കാലം നമ്മളും ചര്‍ച്ച നിര്‍ത്തിവെച്ചിരിക്കയാണ്. അവര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്. വിഷയത്തില്‍ ഷെയിനിന്റെ നിലപാടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഷെയിനിന്റെ മാപ്പു പറച്ചിലിനെ നിര്‍മാതാക്കളുടെ സംഘടന എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്. 22ന് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. അതിനു ശേഷം ഷെയ്നുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും സിനിമകള്‍ മുടങ്ങിപ്പോകാന്‍ അനുവദിക്കില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളക്കെത്തിയ ഷെയ്ന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയത്. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന് ഷെയ്ന്‍ പറഞ്ഞതോടെ നിര്‍മാതാക്കള്‍ നിലപാട് കടുപ്പിക്കുകയായിരുന്നു.

പിന്നീട് ഇന്നലെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു. താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസമെന്നും അന്ന് താനും ക്ഷമിച്ചതാണെന്നും അതുപോലെ ഇതും ക്ഷമിക്കും എന്നു പ്രതീക്ഷയിലാണെന്നും ഷെയ്ന്‍ പോസ്റ്റില്‍ പറഞ്ഞു.