Wednesday , 1 April 2020
News Updates

ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് വില്‍പനയിലെ കൊള്ള തടയാനാകുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ സിനിമാ ചര്‍ച്ച

കൊച്ചി: ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങളില്‍ ഞായറാഴ്ച ചര്‍ച്ച. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്റെയും നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിംഗിലെ കൊള്ളയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയരും. നിര്‍മാതാക്കള്‍ ഈ വിഷയം ഉന്നയിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍, മമ്മൂട്ടി, ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ പ്രതിനിധികള്‍, നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി സര്‍ക്കാരുമായി കരാര്‍ ഉറപ്പിച്ച കമ്പനിക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

2013ല്‍ കെല്‍ട്രോണിനായിരുന്നു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനമൊരുക്കുന്നതിനുള്ള കരാര്‍ ലഭിച്ചത്. സംസ്ഥാന ഐ.ടി മിഷനും പദ്ധതിയുടെ നടത്തിപ്പില്‍ പങ്കാളിയായിരുന്നു. ഇവര്‍ക്ക് സാങ്കേതിക വിദ്യ നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കരാര്‍ ക്ഷണിക്കുകയും ഓണ്‍ലൈന്‍ ടിക്കറ്റ് കമ്പനിയായ ബുക്ക് മൈ ഷോ ഉള്‍പ്പെടെ 4 സ്ഥാപനങ്ങള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. നടന്‍ ഉണ്ണി ശിവപാലിന്റെ ഉടമസ്ഥതയിലുള്ള ഐനെറ്റ് വിഷന്‍സ് ആന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ലഭിച്ചത്.

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചയ്ത ഐനെറ്റ് വിഷന്‍സ് 10 രൂപ ഓരോ ടിക്കറ്റിലും ഈടാക്കാനായിരുന്നു തീരുമാനിച്ചത്. ഇതില്‍ നിന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ക്ഷേമനിധിയിലേക്ക് 5 രൂപ നല്‍കുകയും ചെയ്യും. അതായത് ഒരു ടിക്കറ്റിന് 5 രൂപ നിരക്കില്‍ ഡിജിറ്റല്‍ ടിക്കറ്റിംഗ് നടത്താം എന്ന് ഈ സ്ഥാപനം ഓഫര്‍ ചെയ്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, വിതരണക്കാരുടെ സംഘടന, തീയേറ്റര്‍ ഉടമകളുടെ സംഘടന എന്നിവരെല്ലാം ഈ നിര്‍ദ്ദേശം അംഗീകരിച്ചു.

ഇതനുസരിച്ച് 2013 മുതല്‍ 2015 വരെ രണ്ട് വര്‍ഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയേറ്ററുകളില്‍ ഐനെറ്റ് വിഷന്‍ സൗജന്യമായി ഓണ്‍ലൈന്‍ ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചു. ഇവയുടെ പ്രവര്‍ത്തനം വിലയിരുത്തി ബോധ്യമായതിനേത്തുടര്‍ന്ന് 2015 മെയ് 1 മുതല്‍ കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തലെത്തിയതോടെ ഇത് തകിടം മറിഞ്ഞു. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ സ്വന്തമായി ടിക്കറ്റിംഗ് സംവിധാനമൊരുക്കാന്‍ പോകുന്നുവെന്ന് അറിയിപ്പ് വന്നു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പുറപ്പെടുവിച്ച ഉത്തരവ് അപാകതകള്‍ ഉണ്ടെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് ശേഷം അവര്‍ തന്നെ റദ്ദാക്കുകയും ചെയ്തു.

5 വര്‍ഷത്തേക്ക് ബി.ഒ.ടി വ്യവസ്ഥയില്‍ ടിക്കറ്റിംഗ് സംവിധാനമൊരുക്കാനുള്ളതായിരുന്നു അനുമതി. അതിന് ശേഷം സാങ്കേതിക വിദ്യയും തീയേറ്ററുകളില്‍ സ്ഥാപിക്കുന്ന മെഷീനുകളും സോഫ്റ്റ് വെയറുമടക്കം കെല്‍ട്രോണിന് കൈമാറണമെന്നായിരുന്നു കരാര്‍. കരാര്‍ അനുസരിച്ച് 10 കോടി രൂപയിലേറെ മുതല്‍ മുടക്കി കമ്പനി സൗകര്യങ്ങള്‍ ഒരുക്കി. ഓര്‍ഡര്‍ റദ്ദാക്കിയതോടെ മുതല്‍മുടക്ക് ഉള്‍പ്പെടെ നഷ്ടമായ അവസ്ഥലാണ് ഐനെറ്റ് വിഷന്‍. ഇതേത്തുടര്‍ന്ന് ഉണ്ണി ശിവപാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും തുടരുകയാണ്.

കോര്‍പറേറ്റുകള്‍ക്കു വേണ്ടി ചിലര്‍ നടത്തിയ അനധികൃത നീക്കങ്ങള്‍ സര്‍ക്കാരിനും ഗുണകരമായ പദ്ധതി ഇല്ലാതാകാന്‍ കാരണമെന്നാണ് പ്രധാന ആരോപണം. ഒരു വര്‍ഷം കേരളത്തില്‍ നിന്നും നൂറു കണക്കിന് കോടി രൂപയാണ് ബുക്ക് മൈ ഷോയ്ക്ക് ലഭിക്കുന്നത്. ടിക്കറ്റുകള്‍ക്ക് ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിംഗ് ഫീ എന്ന പേരില്‍ 40 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്.

DONT MISS