അലന്‍സിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനെന്ന് നടി ദിവ്യ ഗോപിനാഥ്; ഈ മേഖലയില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് നടി

നടന് അലന്സിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനാണെന്ന് നടി ദിവ്യ ഗോപിനാഥ്. ഇന്ത്യ പ്രൊട്ടസ്റ്റ്സ് എന്ന പോര്ട്ടലിലാണ് നടി അലന്സിയറിനെതിരെ ഇന്നലെ ആരോപണം ഉയര്ത്തിയത്. എന്നാല് അജ്ഞാതയായി ഉന്നയിച്ച ആരോപണങ്ങള്ക്കെതിരെ സോഷ്യല് മീഡിയയില് അധിക്ഷേപങ്ങള് ഉയര്ന്നതോടെ ഫെയിസ്ബുക്കില് വിശദീകരണവുമായി നടി രംഗത്തെത്തുകയായിരുന്നു. വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നെങ്കില് തനിക്കുവേണ്ടി നിങ്ങള് എന്തു ചെയ്യുമായിരുന്നെന്നും വിമര്ശകരോട് നടി ചോദിക്കുന്നു.
 | 

അലന്‍സിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനെന്ന് നടി ദിവ്യ ഗോപിനാഥ്; ഈ മേഖലയില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് നടി

കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനാണെന്ന് നടി ദിവ്യ ഗോപിനാഥ്. ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് എന്ന പോര്‍ട്ടലിലാണ് നടി അലന്‍സിയറിനെതിരെ ഇന്നലെ ആരോപണം ഉയര്‍ത്തിയത്. എന്നാല്‍ അജ്ഞാതയായി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ ഫെയിസ്ബുക്കില്‍ വിശദീകരണവുമായി നടി രംഗത്തെത്തുകയായിരുന്നു. വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നെങ്കില്‍ തനിക്കുവേണ്ടി നിങ്ങള്‍ എന്തു ചെയ്യുമായിരുന്നെന്നും വിമര്‍ശകരോട് നടി ചോദിക്കുന്നു.

ഇത്ര ബുദ്ധിമുട്ടുണ്ടെങ്കില്‍ എന്തിന് സിനിമയില്‍ അഭിനയിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് തന്റെ പാഷനെന്നും ഇത് ചെയ്യുന്നതാണെനിക്ക് സന്തോഷമെന്നും നടി മറുപടി പറയുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. തന്റെ കുടുംബം തന്നോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണെന്നും ദിവ്യ വ്യക്തമാക്കുന്നു.

Finally, managed to talk to my parents. They will stand rock solid with me. Time to end anonymity. The actress who wrote this letter to India Protests is me.https://twitter.com/protestingindia/status/1051729867644030976

Posted by Divya Gopinath on Tuesday, October 16, 2018

നടിയുടെ വെളിപ്പെടുത്തലിന്റെ പൂര്‍ണ രൂപം-

ഞാന്‍ ഒരു അഭിനേത്രിയാണ്. അതും ഒരു തുടക്കക്കാരി. അവിവാഹിതയും. ഈ ഫീല്‍ഡില്‍ സ്വത്വം തെളിയിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സ്ത്രീയും. അജ്ഞാതയായി തുടരാനുള്ള കാരണം അതുതന്നെയാണ്. എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലന്‍സിയറുമൊത്തുള്ള ആദ്യത്തേതും. അത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സിനിമയാണെന്നും ഉറപ്പുണ്ട്. വ്യക്തിപരമായി അടുത്തറിയുന്നതുവരെ ഈ കലാകാരനെ ഏറെ ബഹുമാനിച്ചിരുന്നു. ചുറ്റുമുള്ള സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന്റെ പുരോഗമനമായ നിലപാടുകളും ലിബറല്‍ സമീപനവും തന്റെ വികലമായ വ്യക്തിത്വം മറച്ചുവെക്കാന്‍ വേണ്ടി മാത്രമാണ്.

ആദ്യ സംഭവം ഉച്ചഭക്ഷണത്തിനിടെയായിരുന്നു. ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു. ഒരു സഹനടിയും ഒപ്പമുണ്ടായിരുന്നു. തന്നെക്കാള്‍ വലിയൊരു നടന്‍ ചുറ്റുമുള്ള സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വിവരിച്ചുകൊണ്ട് അദ്ദേഹം എന്റെ മാറിടത്തിലേക്ക് ഇടംകണ്ണിട്ട് നോക്കി. ഞാന്‍ അസ്വസ്ഥയായി. എന്നാല്‍ കൂടുതല്‍ സോഷ്യലായി ഇടപെടണമെന്നും കാര്യങ്ങള്‍ കൂടുതല്‍ ലളിതമായി കാണണമെന്നും എന്നെ ഉപദേശിച്ചു. ഞാന്‍ അതിനോട് പ്രതികരിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത് ഞാന്‍ സുരക്ഷിതയല്ലെന്ന തോന്നല്‍ അത് എന്നിലുളവാക്കി.

അടുത്ത സംഭവം ഞെട്ടിക്കുന്നതായിരുന്നു. ഒരു സഹനടിക്കൊപ്പം അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ശരീരത്തെ അറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം എന്നെ ഉപദേശിച്ചു. വളരെ ചെറിയ നാടക പശ്ചാത്തലമേ എനിക്കുള്ളൂവെന്നതിന്റെ പേരുപറഞ്ഞ് എന്നെ അപമാനിച്ചു. അദ്ദേഹത്തെ മുറിയില്‍ നിന്ന് പുറത്താക്കണമെന്ന് ആ സമയം എന്റെ ഉള്ളം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റിയും ഒരു സഹനടിയുടെ സാന്നിധ്യവുമൊക്കെ കണക്കിലെടുത്ത് മിണ്ടാതെ സഹിച്ചു.

മൂന്നാമത്തെ സംഭവം- ഒരിക്കല്‍ ആര്‍ത്തവസമയത്ത് ഞാന്‍ ഏറെ ക്ഷീണിതയായിരുന്നു, സംവിധായകന്റെ സമ്മതത്തോടെ ബ്രേക്കെടുത്ത് എന്റെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയം വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണെന്ന് മനസിലായി. ആകെ ടെന്‍ഷനടിച്ച ഞാന്‍ ഈ സമയം ഡയറക്ടറെ വിളിച്ച് സഹായം തേടി. സഹായത്തിനായി ആരെയെങ്കിലും ഉടന്‍ അയക്കാമെന്ന് ഡയറക്ടര്‍ പറഞ്ഞു. അലന്‍സിയര്‍ ആവര്‍ത്തിച്ച് വാതിലില്‍ മുട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ വാതില്‍ തുറന്നു. മുറിക്ക് പുറത്തേക്ക് ചാടാമെന്ന് കരുതി തന്നെയാണ് വാതില്‍ തുറന്നത്.

ഈ സമയത്തും ഡയറക്ടറെ വിളിച്ച കോള്‍ ഞാന്‍ കട്ട് ചെയ്തിരുന്നില്ല. സംഭാഷണങ്ങള്‍ അദ്ദേഹം കൂടി കേള്‍ക്കട്ടെ എന്നു കരുതി തന്നെയായിരുന്നു ഇത്. എന്നാല്‍ ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അദ്ദേഹം മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ അവിടെ നിന്നു. അദ്ദേഹം എന്റെ കിടക്കയില്‍ ഇരുന്നു. നാടക കലാകാരന്മാര്‍ എത്രമാത്രം ശക്തരായിരിക്കുമെന്നുള്ള തന്റെ സിദ്ധാന്തങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. പിന്നെ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. പുറത്തുപോകണമെന്ന് ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോഴേക്കും ഡോര്‍ ബെല്‍ മുഴങ്ങി.

ഈ സമയം ഞെട്ടിയത് അദ്ദേഹമായിരുന്നു. ഞാന്‍ വാതില്‍ തുറന്നു. വാതില്‍ക്കല്‍ അസിസ്റ്റന്റ് ഡയറക്ടറെ കണ്ടപ്പോള്‍ വളരെ ആശ്വാസം തോന്നി. അടുത്ത ഷോട്ടില്‍ അലെന്‍സിയര്‍ ഉണ്ടെന്ന് അസി. ഡയറക്ടര്‍ പറഞ്ഞു. നേരത്തെ അറിയിച്ചിട്ടില്ലല്ലോ എന്ന് അലെന്‍സിയറും പറഞ്ഞു, എന്നാല്‍ ഷൂട്ടിംഗ് സംഘം ഒന്നടങ്കം അലെന്‍സിയറെ കാത്ത് നില്‍ക്കുകയാണെന്ന് വിശ്വസിപ്പിക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കഴിഞ്ഞു. അതോടെ അദ്ദേഹം മുറിവിട്ടുപോയി.

നാലാമത്തെ സംഭവം- എന്റെയും അദ്ദേഹത്തിന്റെയും ഒരു പൊതുസുഹൃത്ത് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചപ്പോള്‍ ഞാന്‍ അവിടെയെത്തി. തീന്‍മേശക്ക് മുന്നില്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം മീന്‍കറി ഓര്‍ഡര്‍ ചെയ്തു. ഓരോ തവണയും മീന്‍ കഷ്ണത്തെ തൊടുമ്പോഴും സ്ത്രീ ശരീരവുമായി അതിനെ താരതമ്യം ചെയ്യുകയായിരുന്നു. ഓരോ ഭാഗമായി പിച്ചിയെടുത്ത് വിരലുകള്‍ നക്കി അത് അകത്താക്കി. എന്നെ തുറിച്ചുനോക്കിക്കൊണ്ടായിരുന്നു ഇതെല്ലാം ചെയ്തത്. ഇതിനെ തുടര്‍ന്നു ഞാനും സുഹൃത്തും കൂടി അവിടെ നിന്ന് മടങ്ങി. അതേ ദിവസം, ഷൂട്ട് നടന്നുകൊണ്ടിരിക്കെ, അദ്ദേഹം എന്നെയും അവിടെയുണ്ടായിരുന്ന മറ്റുചില പെണ്‍കുട്ടികളുമൊക്കെ തുറിച്ചുനോക്കുകയായിരുന്നു. മുഖാമുഖം കാണുമ്പോഴൊക്കെ നാക്കുപയോഗിച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി.

വൈകുന്നേരം, ഒരു പാര്‍ട്ടി ഉണ്ടായിരുന്നു, അവിടെ വച്ച് അയാള്‍ ഒരു സ്ത്രീയുടെ അടുത്തെത്തുകയും അവരുടെ ശരീരത്തെയും ലൈംഗികതയും കുറിച്ച് വര്‍ണിക്കുകയും ചെയ്തു. എന്റെ അടുത്തെത്താന്‍ ശ്രമിക്കുമ്പോഴൊക്കെ അത് ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിന്റെ സമീപനത്തെ എതിര്‍ത്ത ആ സ്ത്രീയെ അപമാനിക്കുന്നതും ഞാന്‍ കാണ്ടു.

വീണ്ടും മറ്റൊരു ദിവസം, രാത്രി ഷിഫ്റ്റിന്‌ശേഷം ഞാന്‍ ഉറങ്ങുകയായിരുന്നു. ഞങ്ങളുടെ പൊതുസുഹൃത്തായ റൂംമേറ്റും ഒപ്പമുണ്ടായിരുന്നു. ഈ സമയം ഡോര്‍ബെല്‍ മുഴങ്ങി. അവള്‍ എഴുന്നേറ്റു വാതില്‍ തുറക്കാന്‍ പോയി. അത് അലന്‍സിയര്‍ ആയിരുന്നു. കുറച്ചുനേരം അവളുമായി സംസാരിച്ചശേഷം അദ്ദേഹം പോയി. ഉറക്കം പോയെന്നും കുളിച്ച് ഫ്രഷാകാനായി പോവുകയാണെന്നും അവള്‍ ബാത്ത് റൂമിലേക്ക് കയറി. ഈ സമയം വാതില്‍ ലോക്ക് ചെയ്യാന്‍ അവള്‍ മറന്നുപോയിരുന്നു.

ഈ തക്കം നോക്കി പതുങ്ങി പതുങ്ങി അലന്‍സിയര്‍ അകത്ത് വന്നു. ഞാന്‍ മൂടിയിരുന്ന ബെഡ് ഷീറ്റിനടിയിലേക്ക് കയറി കിടന്നു. അപരിചിതന്റെ സാന്നിധ്യം അനുഭവപ്പെട്ടതോടെ ഞാന്‍ ഞെട്ടിയേഴുന്നേറ്റു. എന്റെ ശരീരത്തിനൊപ്പം ചേര്‍ന്നുകിടക്കുകയായിരുന്നു അയാള്‍. ‘ഉറങ്ങുകയാണോ’ എന്നായിരുന്നു അലന്‍സിയര്‍ ചോദിച്ചത്. ഞാന്‍ ചാടിയെഴുന്നേറ്റു. കുറച്ചുനേരം കൂടി കിടക്കാന്‍ പറഞ്ഞുകൊണ്ടു അദ്ദേഹം എന്റെ കൈയില്‍ പിടിച്ചുവലിച്ചു. ഈ സമയം സര്‍വശക്തിയുമെടുത്ത് ഞാന്‍ അലറി. ബാത്ത് റൂമില്‍ ആയിരുന്ന റൂംമേറ്റ് എന്റെ അലര്‍ച്ച് കേട്ട്, പുറത്ത് എന്താണ് നടക്കുന്നതെന്ന് വിളിച്ചുചോദിച്ചു. തമാശ കാണിച്ചതെന്ന് പറഞ്ഞ് അവളെത്തും മുന്‍പേ അദ്ദേഹം മുറിവിട്ടുപോയി.

എന്താണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോള്‍ അയാളുടെ സുഹൃത്ത് കൂടിയായ റൂംമേറ്റ് ഞെട്ടിപ്പോയി. അവള്‍ അയാളെ വിളിച്ചെങ്കിലും അദ്ദേഹം മുങ്ങുകയായിരുന്നു. സംവിധായകനോട് വീണ്ടും ഞങ്ങള്‍ ഇക്കാര്യം പറഞ്ഞു. സംവിധായികന്‍ അലന്‍സിയറോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. സംവിധായകന്റെയും ആദ്യചിത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇത് അപമാനമായി അലന്‍സിയറിന് തോന്നി. തീരെ പ്രൊഫഷണല്‍ അല്ലാതെയായിരുന്നു അദ്ദേഹം പിന്നീട് പെരുമാറിയത്. ഷോട്ടുകളുടെ പേരില്‍ അനാവശ്യമായി വഴക്കിട്ടു. സെറ്റിലേക്ക് മദ്യപിച്ചുവന്നു. സഹതാരങ്ങളെ അപമാനിച്ചു.

ഞാന്‍ ഇത് എഴുതുന്ന സമയത്ത്, അതേ ചിത്രത്തിലും മറ്റ് ചിത്രങ്ങളിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചവര്‍ക്ക് യഥാര്‍ത്ഥ അലന്‍സിയറെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാകുമെന്ന് എനിക്കറിയാം. ഇതെല്ലാം എഴുതുന്നതിന് ഒരുപാട് സമയമെടുത്തു. സമാനമായതോ അല്ലെങ്കില്‍ മോശമായതോ ആയ അനുഭവങ്ങളുണ്ടായവര്‍ക്ക് അക്കാര്യം തുറന്നെഴുതാന്‍ സ്വന്തം സമയം എടുക്കും.