Thursday , 21 February 2019
Kalyan
News Updates

ഫേസ്ബുക്ക് ചര്‍ച്ചകള്‍ നടത്തുന്നവരെ പത്തായി തരംതിരിച്ച് ഡോക്ടറുടെ പോസ്റ്റ്; പോസ്റ്റ് കാണാം

ലോകത്തിലെ എന്തു വിഷയത്തിലും ആര്‍ക്കും ‘ആധികാരികമായി’ സംസാരിക്കാന്‍ സാധിക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. അഭിപ്രായങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ശരിയാണോ എന്ന ആശങ്കകളൊന്നുമില്ലാതെ ആര്‍ക്കും എന്തും പറയാവുന്ന ഇടമായി അത് കുറേയൊക്കെ മാറിയിട്ടുണ്ട്. ഇപ്രകാരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നവരെ പത്തായി തരം തിരിക്കുകയാണ് ഫേസ്ബുക്ക് യൂസറായ വിശ്വനാഥന്‍ കെ. എല്ലാവര്‍ക്കും അഭിപ്രായമുള്ള നാട്ടില്‍ ഫേസ്ബുക്ക് എത്തിയപ്പോള്‍ വായില്ലാത്തവന് വാ കീറിക്കൊടുത്തപോലെയായെന്ന് വിശ്വനാഥന്‍ പറയുന്നു. എന്ത് കാര്യത്തിനും അഭിപ്രായം പറയാം. എന്നെന്നേക്കുമായി വിവരമുണ്ടായാലേ അഭിപ്രായം പറയാവൂ എന്ന പഴയ ഫ്യൂഡല്‍ വ്യവസ്ഥിതി മാറി ഒരാള്‍ക്ക് ഒരഭിപ്രായം എന്ന ജനാധിപത്യം വന്നെത്തിയെന്ന് പോസ്റ്റ് പറയുന്നു.

പോസ്റ്റ് വായിക്കാം

ലോകത്തിലെ മിക്ക പ്രശ്‌നങ്ങളുടെയും പരിഹാരം നമുക്ക് സോഷ്യല്‍ മീഡിയയില്‍ സംവാദം നടത്തി തീരുമാനിക്കാന്‍ കഴിയുന്നുണ്ട്. വിശാലമായ പുറംലോകമെന്ന മാക്രോകോസത്തെ ഫേസ്ബുക്കെന്ന മൈക്രോകോസത്തിലൂടെ നമുക്കിന്ന് കൈവെള്ളയില്‍ കാണാം. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ കൊണ്ടെന്താണ് പ്രയോജനം? പണ്ട് വല്യ ആള്‍ക്കാര്‍ നിയമസഭയില്‍ പറയുന്നതും പത്രത്തില്‍ എഴുതുന്നതും മാത്രമായിരുന്നു അഭിപ്രായം. പിന്നെ റ്റെലിവിഷന്‍ ചര്‍ച്ച വന്നു. അല്പം കൂടി ജനകീയമായി. അതു കഴിഞ്ഞ് സോഷ്യല്‍ മീഡിയ വന്നു. ഇന്ന് ആര്‍ക്കും ഏത് ചര്‍ച്ചയിലും പങ്കെടുക്കാം, പ്രത്യേകിച്ച് ഒരു അറിവും വേണമെന്നില്ല.

ഉദാഹരണമായി മെഡിക്കല്‍ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നോക്കാം. പണ്ട് വൈദ്യശാസ്ത്രത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ചുരുങ്ങിയത് ഒരു ഡോക്ടര്‍ ആവണം. ഇന്ന് അത് വേണ്ട. ഇത് ഫേസ്ബുക്കില്‍ മാത്രമല്ല. കഴിഞ്ഞ ദിവസം എന്റെ ഒരു ബന്ധു ഹൃദയാഘാതം വന്ന് ഒരു പ്രമുഖ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിച്ചു. കൂട്ടിരുപ്പുകാരനായി ഞാന്‍ ഐസിയുവിന്റെ പുറത്തിരിക്കുന്നു. എന്റെ അടുത്തിരിക്കുന്ന രണ്ട് സ്ത്രീകള്‍ സംസാരിക്കുന്നു. ഒരാളുടെ ഭര്‍ത്താവ് ഹൃദയാഘാതം വന്ന് ഉള്ളെയാണ് എന്ന് ഞാന്‍ മനസ്സിലാക്കി. മറ്റേയാള്‍ രോഗം അന്വേഷിച്ച് വന്നിരിക്കുന്നു.

‘എന്ത് പറ്റി?’
‘അത് ചേട്ടനൊരു ഹാര്‍ട്ട് അറ്റാക്ക്.”
‘ഓ. ഹാര്‍ട്ടിന്റെ അസുഖമുണ്ടായിരുന്നോ?’
‘ഇല്ല. പിന്നെ ഷുഗര്‍ ഉണ്ടായിരുന്നു.’
‘ഷുഗര്‍,’ അവര്‍ ചിരിച്ചു, ‘മരുന്ന് കഴിക്കുമായിരുന്നോ അതിനു?’
‘അതെ. കൃത്യമായി മരുന്ന് കഴിക്കുമായിരുന്നു.’
‘അതാണ് പ്രശ്‌നം . ഇതൊക്കെ ശരീരത്തില്‍ വരുന്ന സ്വാഭാവിക വ്യത്യാസങ്ങളാണ്. അതിന് ഷുഗര്‍ എന്നും പ്രഷര്‍ എന്നും ഒരോ ലേബലിട്ട് കുറേ മരുന്നു മുഴുവന്‍ അടിച്ചു കേറ്റി ദാ, ഇങ്ങനെ ഷെഡ്ഡില്‍ കയറ്റും. യോഗയും പ്രാണായാമവും മതി. ഇനി മരുന്നൊന്നും വേണ്ട.’

റ്റിവിയില്‍ പിന്നെ എല്ലാവരും വിദഗ്ദ്ധരാണ്. കഴിഞ്ഞ ദിവസം ഒരു എഞ്ചിനിയര്‍ ഇരിക്കുന്നു.
‘നിങ്ങളുടെ ശരീരത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വയറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വന്‍ കുടല്‍ ആണ്.’ അയാള്‍ പറഞ്ഞു.
‘അത് അങ്ങനെ?’ ഇന്റര്‍വ്യൂവര്‍ ചോദിച്ചു.
‘ഈ വന്‍ കുടല്‍ നിറച്ച് മലമാണ്. അതായത് നിങ്ങളുടെ വയര്‍ ഒരു സെപ്റ്റിക് റ്റാങ്കാണ്. ഇതും ചുമന്നോണ്ട് നടന്നാല്‍ അസുഖം വരാതിരിക്കുന്നതെങ്ങനെ?’
‘എന്തെങ്കിലും പ്രതിവിധി ഉണ്ടോ, സര്‍?’
‘തീര്‍ച്ചയായും. ദിവസവും രാവിലെയും വൈകുന്നേരവും എനീമ വയ്ക്കുക. ഒരു അസുഖവും വരില്ല.’

എല്ലാവര്‍ക്കും അഭിപ്രായമുള്ള നാട്ടില്‍ ഫേസ്ബുക്കെത്തിയപ്പോള്‍ വായില്ലാത്തവന് വാ കീറി കൊടുത്ത പോലെയായി. എന്തു കാര്യത്തിനും അഭിപ്രായം രേഖപ്പെടുത്താം. അവിടെ കിടക്കും അത് എന്നെന്നേക്കുമായി. വിവരമുണ്ടായാലേ അഭിപ്രായം പറയാവൂ എന്ന പഴയ ഫ്യൂഡല്‍ വ്യവസ്ഥിതി മാറി. ഒരാള്‍ക്ക് ഒരഭിപ്രായം എന്ന ജനാധിപത്യം വന്നെത്തി.

കഴിഞ്ഞ് കുറേകാലമായി ഞാനും എന്റെ റ്റീമും നടത്തിയ ഗവേഷണത്തിന്റെ ഫലമായി ഫേസ്ബുക്ക് ചര്‍ച്ചകളില്‍ എര്‍പ്പെടുന്നവരെ പത്തായി തരംതിരിച്ചിട്ടുണ്ട്. ഇത് ചുവടെ കൊടുക്കുന്നു. പഠനം ഇപ്പോഴും തുടരുന്നതിനാല്‍ ഇത് ഇനിയും മാറാന്‍ സദ്ധ്യതയുണ്ട്. എന്നാലും ഈ വിഷയത്തിന് ഇതൊരു നല്ല ആമുഖമാണെന്ന് കരുതുന്നു.

1. ന്യായന്‍.

ന്യായന്‍ കടുംപിടിത്തമില്ലാത്ത ആളാണ്. തന്റെ അഭിപ്രായം തെറ്റാണെന്ന് കണ്ടാല്‍ അപ്പോള്‍ തന്നെ സമ്മതിക്കും തെറ്റാണെന്ന്. ഇങ്ങനെയുള്ള ഒരാളെ പോലും ഇതു വരെ നമ്മുടെ പഠനസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാലും ഇങ്ങനെ ഉള്ളവര്‍ കാണും. കാണാതിരിക്കില്ല.

2. ലിങ്കന്‍.

എബ്രഹാം ലിങ്കണെ പോലെ വാദിക്കുന്നവനല്ല ലിങ്കന്‍. എന്തിനും ലിങ്കുകള്‍ തള്ളുന്നവരെ ലിങ്കന്‍ എന്ന് പറയുന്നു. ഇത് നോക്കൂ, ഇത് വായിക്കൂ എന്ന് പറഞ്ഞ് ഒരു പത്തിരുപത് ലിങ്കുകള്‍. ഇതൊന്നും ആരും വായിക്കില്ല എന്നത് ലിങ്കനും അറിയാം. എന്നാലും ഇരിക്കട്ടെ ഒരു ആധികാരികത. ലിങ്കന്റെ അകന്ന ബന്ധുവാണ് കട്ട് പേസ്റ്റ്ര്‍. ഇയാള്‍ അവിടുന്നും ഇവിടുന്നും ഓരോന്ന് കട്ട് പേസ്റ്റ് ചെയ്യുന്നു.

3. പെരുമ്പാമ്പ്

പെരുമ്പാമ്പ് തന്റെ ഇരയെ വരിഞ്ഞു മുറുക്കുന്നു. അതിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു. പെരുമ്പാമ്പ് നിങ്ങളുടെ പോസ്റ്റില്‍ അഭിപ്രായവുമായി എത്തിയാല്‍ ഓര്‍ക്കുക, നിങ്ങളുടെ കാര്യം തീര്‍ന്നു. ഇവരെ വാദിച്ച് തോല്‍പ്പിക്കാന്‍ കഴിയില്ല. എന്റെ ഒരു പോസ്റ്റില്‍ ഒരു പെരുമ്പാമ്പ് ഈയ്യിടെ വന്നു. കണ്ടപ്പോഴെ മനസ്സിലായത് കൊണ്ട് ഞാന്‍ ഉടനെ സ്ഥലം വിട്ടു. ഏതോ പാവം ഏറ്റുപിടിച്ചു. മൂന്നു ദിവസം പെരുമ്പാമ്പ് ആ ചര്‍ച തുടര്‍ന്നു. ഊണും ഉറക്കവുമില്ല. ചര്‍ച മതി. രണ്ടാം ദിവസം പകുതിയില്‍ എതിരാളിയെ കാണാതായി. എന്നിട്ടും പെരുമ്പാമ്പ് അടങ്ങിയില്ല. തര്‍ക്കവും മറുതര്‍ക്കവുമായി അത് സ്വയം സംവദിച്ചു കൊണ്ടേയിരുന്നു.

4. വികാരി

ഇമോട്ടിക്കോണ്‍ മാത്രം ഉപയോഗിച്ചുള്ള ചര്‍ചക്കാര്‍. എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല. ജീവതത്തില്‍ ഇവര്‍ മനസ്സിലുള്ള കാര്യം തുറന്ന് പറയാന്‍ മടിക്കുന്നവര്‍ ആയിരിക്കുമോ? കൂടുതല്‍ പഠനം വേണം.

5. തറ

സംവാദം അല്പമൊന്ന് കത്തികയറിയാല്‍ തറ തെറിവിളി തുടങ്ങും. അത്രയൊന്നും വികാരവിക്ഷോഭിതമാകാന്‍ ഇല്ലാത്ത കാര്യത്തിലും ഇങ്ങനെ ഇവര്‍ പെരുമാറും. ഉദാഹരണത്തിന് ഈയിടെ ആയുര്‍വേദത്തിനെ കുറിച്ച് അല്പം വിമര്‍ശിച്ചെഴുതി. ഒരു തറ അതേറ്റ് പിടിച്ചു. ‘നിന്റെ അച്ചന്‍ സായിപ്പായ കൊണ്ടാണോടാ നിനക്ക് അല്ലോപതിയെ ഇത്ര സ്‌നേഹം?’ കൂടെ കുറെ തെറി. എന്റെ അച്ഛന്‍ പാവമാ എന്നു പറഞ്ഞതിന് ‘നീ പോടാ പട്ടി’യെന്നും പറഞ്ഞു. തറയുടെ അല്പം കൂടി കടന്ന പതിപ്പാണ് കൂതറ.

6. ഇത് എന്നെ മാത്രം ഉദ്ദേശ്യം വച്ച്

എല്ലാം പേര്‍സണല്‍ ആയിട്ടെടുക്കുന്നവര്‍. സിനിമാ ശാലയില്‍ ദേശിയ ഗാനം പാടണ്ട എന്ന അഭിപ്രായം പറഞ്ഞ് തുടങ്ങിയ സംവാദത്തില്‍ നേരിട്ട് ഇന്ന് വരെ സംസാരിച്ചിട്ടില്ലാത്ത ഒരു വനിത എതിരഭിപ്രായം പറഞ്ഞു. മറുപടി കൊടുത്തു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ ഒരു വല്യ ലേഖനം. സ്ത്രീ ആയത് കൊണ്ടാണ് ഞാന്‍ അവര്‍ പറയുന്നതിന് എതിരെ പറയുന്നത് എന്നായിരുന്നു ആമുഖം. തുടര്‍ന്ന് എന്റെ സ്വഭാവവിശേഷണങ്ങളിലേക്ക് അവര്‍ കടന്നു. ‘നിങ്ങള്‍ ഇതു പോലെ ഒരു വൃത്തികെട്ടവനാണെന്ന് കോളേജില്‍ പഠിക്കുമ്പഴേ അറിയാം. നിങ്ങളൊക്കെ കാരണം ആദ്യവര്‍ഷം ഞാന്‍ പഠിപ്പ് നിര്‍ത്തിയാലോ എന്നു തന്നെ വിചാരിച്ചു. ഇപ്പഴും ഇതെ സ്വഭാവം ആണെന്നു മനസ്സിലായി.’ ‘അതിന് ഞാന്‍ മാഡത്തിനെ ഇന്നു വരെ കണ്ടിട്ടില്ലല്ലോ?’ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

7. കൊലയാളി

എതിരഭിപ്രായം പറഞ്ഞാല്‍ അപ്പോള്‍ വെട്ടി നിരത്തും. പിന്നെ എന്തായി എന്ന് ആലോചിച്ച് ചെന്ന് നോക്കുന്‌പോള്‍ സംഗതി ബ്ലോക്കാണ്. വെര്‍ച്വല്‍ കൊലപാതകം. ബ്ലോക്കിന്റെ ചെറിയ രൂപങ്ങളായ അണ്‍ഫ്രണ്ടും സാധാരണയായി കാണാം. കൊല വരെയെത്തുന്നില്ലെങ്കിലും നമ്മള്‍ ഇടുന്ന അഭിപ്രായം ഡെലീറ്റ് ചെയ്യുന്ന പ്രക്രിയയും അപൂര്‍വമല്ല. ഇതൊരു വെര്‍ച്വല്‍ ചവിട്ടായി എടുക്കാം.

8.ചരിത്രകാരന്‍.

എന്തെങ്കിലും പറഞ്ഞാല്‍ ചരിത്രത്തിലേക്ക് ഊളിയിട്ടിറങ്ങും. ഈയ്യിടെ രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പാവമാടാ എന്ന് പറഞ്ഞപ്പോള്‍ ഒരു ചരിത്രകാരന്‍ എത്തി. ‘ഈ മുതലക്കണ്ണീരൊന്നും പണ്ട് കാശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തില്‍ കണ്ടില്ലല്ലോ?’ പറഞ്ഞ് പറഞ്ഞ് പിറകോട്ട് പോകും. ഞാനിപ്പോള്‍ എന്ത് പ്രശ്‌നമുണ്ടായാലും നിയാണ്ടേര്‍ത്തലുകളുടെ കൂട്ടക്കൊല അപലപിക്കും. അതു കഴിഞ്ഞ് ഓരോന്ന്- റോമാ സാമ്രാജ്യത്തില്‍ നടന്ന കാര്യങ്ങള്‍, ബാബറും അയാളുടെ അളിയന്മാരും കാണിച്ച വൃത്തികേടുകള്‍, ജാലിയന്‍ വാലാ ബാഗ്, കാര്‍ഗില്‍, പണ്ഡിറ്റ്, ഏറ്റവും ഒടുവില്‍ മാത്രമേ വിഷയം എഴുന്നള്ളിപ്പിക്കൂ.

9.ഇന്‍ബോക്‌സര്‍.

പോസ്റ്റിലോ കമന്റിലോ ഇഷ്ടപെടാത്ത വല്ലതും കണ്ടാല്‍ അവിടെ ഒന്നും മിണ്ടില്ല. ഇന്‍ബോക്‌സില്‍ വരും. ഒരു പക്ഷെ നമ്മളെ വിഷമിപ്പിക്കാതിരിക്കാന്‍ ആവും. എന്നാലും കാണുന്‌പോള്‍ ഒരു അസ്‌ക്യത. ജോലിസ്ഥലത്തെ പ്രശ്‌നവും പറഞ്ഞ് വീട്ടില്‍ കയറി വരുന്ന പോലൊരു പ്രതീതി.

10. മാന്യന്‍

മാന്യന്‍ ഭയങ്കര മര്യാദക്കാരനാണ്. അങ്ങോട്ട് ചൊറിഞ്ഞാലും ഇങ്ങോട്ട് താങ്ക്‌സ് എന്നൊക്കെ പറയും. മാന്യന്മാരില്‍ തന്നെ പക്ഷെ ശരിക്കുള്ള മാന്യനും ആട്ടിന്‍തോലിട്ട മാന്യനും ഉണ്ട്. ശരിക്കുള്ള മാന്യന്‍ താങ്ക്‌സ് പറയ്യുന്നത് നന്ദിസൂചകമായും സ്യൂഡോമാന്യന്‍ പരിഹാസചുവയോടെയുമാണ്. ഉള്ളിലെ പുച്ഛം അത്ര പെട്ടെന്ന് മനസ്സിലാവില്ല. മനസ്സിലാക്കി കഴിഞ്ഞാലും ഇവരെ നേരിടാന്‍ അല്പം പ്രയാസമാണ്. തിരിച്ച് താങ്ക്‌സ് പറയുന്നതാവും ഏറ്റവും പ്രായോഗികം.

നേരത്തെ പറഞ്ഞ പോലെ ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല. മാത്രമല്ല നമ്മളിലെല്ലാം ഈ പത്ത് സ്വഭാവവും ഏറിയും കുറഞ്ഞും കാണുകയും ചെയ്യും. ചില സമയം മാന്യനായി ഇരിക്കുന്ന ആളുടെ ഉള്ളില്‍ പെരുന്പാന്പുണ്ടാവും. എന്നാലും മിക്കവരും കൂടുതലും ഏതെങ്കിലും ഒരു രീതിയിലാവും സംവദിക്കുക. ഈ ഗവേഷണം കഴിഞ്ഞിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫേസ്ബുക്ക് എന്ന മഹാസമുദ്രത്തിന്റെ തീരത്ത് മണ്ണ് വാരി കളിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് ഇന്നും ഞാന്‍ എന്ന പൂര്‍ണ്ണബോധത്തോടെ തല്‍കാലം നിര്‍ത്തട്ടെ.

DONT MISS