Thursday , 27 June 2019
Kalyan
News Updates

മൂക്കിലെ ശസ്ത്രക്രിയക്കെത്തിയ ഏഴു വയസുകാരന് വയര്‍ കീറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മൂക്കിലെ ദശ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്കെത്തിയ ഏഴു വയസുകാരന്റെ വയര്‍ കീറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ആളു മാറി ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഡാനിഷിനെയാണ് മൂക്കിലെ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചത്.

മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്റെ മകന്‍ ധനുഷിന് (6) ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയയും നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ഇരുവരെയും ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചു. ഡാനിഷിനെ ശസ്ത്രക്രിയ നടത്തുന്നതിനായി ഇഎന്‍ടി ഡോക്ടര്‍മാര്‍ അന്വേഷിച്ചപ്പോഴാണ് ആളു മാറിയ വിവരം വ്യക്തമായത്. അബദ്ധം മനസിലാക്കിയ ഡോക്ടര്‍മാര്‍ പത്തരയോടെ കുട്ടിയെ തീയേറ്ററിനു പുറത്തെത്തിച്ചു.

വയറ്റില്‍ ശസ്ത്രക്രിയ കണ്ട മാതാപിതാക്കള്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വയറ്റില്‍ ഹെര്‍ണിയ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ഡോക്ടര്‍ മറുപടി നല്‍കുകയായിരുന്നു. രക്ഷിതാക്കളുടെ സമ്മതമില്ലാതെയും പരിശോധനകള്‍ നടത്താതെയും ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു ശേഷമാണ് മൂക്കിലെ ശസ്ത്രക്രിയ നടത്തിയത്.

DONT MISS