ഡിവൈഎസ്പി ഹരിദാസ് ഏഴു ദിവസവും ഒളിവില്‍ കഴിഞ്ഞത് കാറില്‍; ബിനുവിന്റെ മൊഴി പുറത്ത്

ഡിവൈഎസ്പി ഹരിദാസ് എഴു ദിവസം ഒളിവില് കഴിഞ്ഞത് കാറിനുള്ളിലായിരുന്നുവെന്ന് മൊഴി. സനല് കൊല്ലപ്പെട്ട ശേഷം ഒമ്പത് ദിവസമാണ് ഹരിദാസ് ഒളിവില് കഴിഞ്ഞത്. ഹരിദാസിന്റെ സുഹൃത്ത് ബിനുവാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സിസിടിവിയുള്ള ചെക്ക് പോസ്റ്റുകളിലും മറ്റും ക്യാമറകളില് പതിയാതിരിക്കാന് മുഖം മറച്ചായിരുന്നു സഞ്ചരിച്ചിരുന്നതെന്നും ബിനു പറഞ്ഞു.
 | 
ഡിവൈഎസ്പി ഹരിദാസ് ഏഴു ദിവസവും ഒളിവില്‍ കഴിഞ്ഞത് കാറില്‍; ബിനുവിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: ഡിവൈഎസ്പി ഹരിദാസ് എഴു ദിവസം ഒളിവില്‍ കഴിഞ്ഞത് കാറിനുള്ളിലായിരുന്നുവെന്ന് മൊഴി. സനല്‍ കൊല്ലപ്പെട്ട ശേഷം ഒമ്പത് ദിവസമാണ് ഹരിദാസ് ഒളിവില്‍ കഴിഞ്ഞത്. ഹരിദാസിന്റെ സുഹൃത്ത് ബിനുവാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സിസിടിവിയുള്ള ചെക്ക് പോസ്റ്റുകളിലും മറ്റും ക്യാമറകളില്‍ പതിയാതിരിക്കാന്‍ മുഖം മറച്ചായിരുന്നു സഞ്ചരിച്ചിരുന്നതെന്നും ബിനു പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന് കരുതിയാണ് ഹരിദാസ് ഒളിവില്‍ പോയത്. എന്നാല്‍ സനലിന്റെ കൊലപാതകം വാര്‍ത്തയായതോടെ ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായി. പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും ഹൈക്കോടതിയിലെ അഭിഭാഷകനും അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര കോടതിയില്‍ കീഴടങ്ങാന്‍ ഹരിദാസിന് ഭയമായിരുന്നെന്നും ബിനു പറഞ്ഞു.

പല കേസുകളില്‍ താന്‍ പിടികൂടിയ പ്രതികള്‍ നെയ്യാറ്റിന്‍കര സബ്ജയിലില്‍ ഉണ്ടെന്നും അവര്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു. അതിനേക്കാള്‍ നല്ലത് സുകുമാര കുറുപ്പിനെപ്പോലെ എന്നന്നേക്കുമായി ഒളിവില്‍ കഴിയുന്നതാണ് നല്ലതെന്ന് ഹരിദാസ് പറഞ്ഞിരുന്നുവെന്നും ബിനു പറഞ്ഞു.

എല്ലാ വഴിയും അടഞ്ഞപ്പോള്‍ കീഴടങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞാണ് തിരുവനന്തപുരത്തേക്ക് വന്നത്. തമിഴ്നാട്ടില്‍ നിന്ന് മൈസൂര്‍ വഴി മൂകാംബികയിലെത്തി. അവിടുന്ന് മാംഗ്ലൂരില്‍ വന്ന് സത്യമംഗലം കാട്ടിലൂടെ വീണ്ടും തമിഴ്നാട്ടില്‍ എത്തി. തുടര്‍ന്ന് ചെങ്കോട്ട തേന്‍മല വഴിയാണ് കല്ലമ്പലത്തിലെത്തിയത്. വീടിന് സമീപമുള്ള ഇടവഴിയിലാണ് രാത്രി താന്‍ ഇറക്കി വിട്ടത്. പിറ്റേദിവസം കീഴടങ്ങുമെന്നായിരുന്നു ധാരണ.

പക്ഷേ മരണവാര്‍ത്തയാണ് പിറ്റേദിവസം അറിഞ്ഞതെന്നും ബിനു മൊഴി നല്‍കി. ഹരികുമാറിന് സഹായം ചെയ്ത ബിനുവും സതീഷിന്റെ ഡ്രൈവറുമായ രമേശും ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്.