കൊല്ലത്ത് ദളിത് വിദ്യാര്‍ത്ഥി വാഴക്കയ്യില്‍ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ഡിവൈഎസ്പിക്ക്

കൊല്ലത്ത് പത്താം ക്ലാസുകാരന് വാഴക്കയ്യില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് വിശദമായ അന്വേഷണം നടത്തും.
 | 
കൊല്ലത്ത് ദളിത് വിദ്യാര്‍ത്ഥി വാഴക്കയ്യില്‍ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ഡിവൈഎസ്പിക്ക്

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസുകാരനായ ദളിത് ബാലനെ വാഴക്കയ്യില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. അന്വേഷണ ചുമതല പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. കൊല്ലം ഏരൂര്‍ ആലഞ്ചേരി സ്വദേശിയായ ബിജീഷ് ബാബുവിനെ ഡിസംബര്‍ 20നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാഴക്കയ്യില്‍ തൂങ്ങിമരിച്ചുവെന്ന പോലീസ് റിപ്പോര്‍ട്ട് പിന്നീട് വിവാദമാവുകയും പിന്നീട് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തുകയുമായിരുന്നു. ഡിസംബര്‍ 19ന് വൈകിട്ടാണ് ബിജീഷിനെ കാണാതായത്. പിന്നീട് അടുത്ത ദിവസം വീട്ടില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുള്ള പുരയിടത്തിലാണ് കണ്ടെത്തിയത്. വാഴയുടെ ഉണങ്ങിയ ഇലയില്‍ തൂങ്ങിയാണ് ബിജീഷ് മരിച്ചതെന്നാണ് എഫ്‌ഐആര്‍.

എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസ് വിശദീകരണം നല്‍കിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടില്ലാതെ കേസിലെ അന്വേഷണം പോലീസ് അവസാനിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.