ശബരിമലയില്‍ നിന്ന് ഒരുതരി സ്വര്‍ണവും നഷ്ടമായിട്ടില്ല, വിവാദങ്ങള്‍ അനാവശ്യം; എ പത്മകുമാര്‍

ഇപ്പോള് നടക്കുന്നത് അനാവശ്യ വിവാദമാണ്, ഒരു തരി സ്വര്ണം പോലും നഷ്ടമായിട്ടില്ല. അങ്ങനെ നഷ്ടമായിട്ടുണ്ടെങ്കില് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പത്മകുമാര് പറഞ്ഞു.
 | 
ശബരിമലയില്‍ നിന്ന് ഒരുതരി സ്വര്‍ണവും നഷ്ടമായിട്ടില്ല, വിവാദങ്ങള്‍ അനാവശ്യം; എ പത്മകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് ഒരു തരി സ്വര്‍ണം പോലും നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിച്ച നാല്‍പ്പത് കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുമാണ് കാണാതായി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി എ പത്മകുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദമാണ്, ഒരു തരി സ്വര്‍ണം പോലും നഷ്ടമായിട്ടില്ല. അങ്ങനെ നഷ്ടമായിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ചിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഓഡിറ്റിംഗിന് അനുകൂലമായ സാഹചര്യമുണ്ടായത്. മോഹനന്‍ എന്ന ഈ ഉദ്യോഗസ്ഥന്‍ തന്റെ ചുമതല കൈമാറാത്തതിനാലാണ് ദേവസ്വം ബോര്‍ഡ് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് ചുമതല കൈമാറും മുന്‍പ് ഓഡിറ്റിംഗ് നടത്തണമെന്ന് ചട്ടം പാലിച്ചാണ് നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.

രേഖകളില്‍ ഇല്ലെങ്കിലും ഇവ സ്ട്രോങ് റൂമില്‍ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017നു ശേഷം വഴിപാടായി ലഭിച്ച വസ്തുക്കള്‍ സ്ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്നാണ് വിവരം. ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ സ്ട്രോങ് റൂം മഹസര്‍ ആറന്‍മുളയിലാണ് ഉള്ളത്. ഇവിടെയായിരിക്കും പരിശോധന. നാളെ 12 മണിക്ക് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധന നടത്തും.

കാണാതായ സ്വര്‍ണ്ണവും വെള്ളിയും ലഭിച്ചതിന് രേഖകളുണ്ടെങ്കിലും അവ സ്ട്രോങ് റൂമിലേക്ക് മാറ്റിയതിനാണ് രേഖയില്ലാത്തത്. വഴിപാടായും കാണിക്കയായും ഭക്തര്‍ നല്‍കുന്ന സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ 4 എ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം.