കോവിഡ് പ്രോട്ടോക്കോള്‍ മറയാക്കി കൂട്ട കോപ്പിയടി; ബിടെക് പരീക്ഷ റദ്ദാക്കി സാങ്കേതിക സര്‍വകലാശാല

കൂട്ട കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടര്ന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി.
 | 
കോവിഡ് പ്രോട്ടോക്കോള്‍ മറയാക്കി കൂട്ട കോപ്പിയടി; ബിടെക് പരീക്ഷ റദ്ദാക്കി സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം: കൂട്ട കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി. സാങ്കേതിക സര്‍വകലാശാലയുടേതാണ് നടപടി. മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയത്. ഒരു തവണ റദ്ദാക്കിയ ശേഷമായിരുന്നു പരീക്ഷ ഇന്നലെ നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്. ഇത് മറയാക്കി വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

ഉത്തരങ്ങള്‍ വാട്‌സാപ്പ് സന്ദേശങ്ങളായി കൈമാറുകയായിരുന്നു. പ്രോട്ടോക്കോള്‍ പാലിച്ച് ഇന്‍വിജിലേറ്റര്‍മാര്‍ മാറിനിന്ന സാഹചര്യം ഉപയോഗിച്ചായിരുന്നു കോപ്പിയടി നടന്നത്. അഞ്ച് കോളേജുകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദാക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ വിസിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചു.