നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാതെ നഗരസഭ; പ്രതിഷേധിച്ച് പോലീസ്

ഗര്ഭത്തില് മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാന് സ്ഥലം നല്കാന് തയ്യാറാകാതെ നഗരസഭ.
 | 
നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാതെ നഗരസഭ; പ്രതിഷേധിച്ച് പോലീസ്

കോട്ടയം: ഗര്‍ഭത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാന്‍ തയ്യാറാകാതെ നഗരസഭ. ഏറ്റുമാനൂര്‍ നഗരസഭയാണ് ക്രൂരമായ നിലപാട് എടുത്തത്. ഇതേത്തുടര്‍ന്ന് ഏറ്റുമാനൂരിലുണ്ടായത് നാടകീയ സംഭവങ്ങള്‍. കുഞ്ഞിന്റെ മൃതദേഹവുമായി നഗരസഭാ ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുമെന്ന് ഏറ്റുമാനൂര്‍ എസ്‌ഐ അനൂപ് പറഞ്ഞതോടെയാണ് നഗരസഭ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായത്. എന്നാല്‍ കുഴിയെടുക്കാന്‍ ജീവനക്കാരെ വിട്ടുനല്‍കാന്‍ നഗരസഭ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പോലീസുകാര്‍ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ചത്.

വേദഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. 7-ാം തിയതി പ്രസവവേദനയെത്തുടര്‍ന്ന് യുവതിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി ഗര്‍ഭത്തില്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം സംസ്‌കരിക്കുന്നതിനായി ഏറ്റുമാനൂര്‍ പൊതു ശ്മശാനത്തില്‍ എത്തിച്ചു. എന്നാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്നാണ് നഗരസഭ അറിയിച്ചത്. ഈ നിലപാട് മൂലം 36 മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായത്.

കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കേണ്ടത് നഗരസഭയുടെ ചുമതലയല്ലെന്നാണ് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പ്രതികരിച്ചത്. അതിരമ്പുഴ പഞ്ചായത്താണ് കുട്ടിയുടെ സ്ഥലമെന്നും അവരാണ് നോക്കേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നരഗസഭാ ഓഫീസ് ഉപരോധിച്ചു.