Friday , 5 June 2020
News Updates

‘നടി സേതുലക്ഷ്മിയുടെ മകനെ നിങ്ങളറിയും’; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ആ കലാകാരനേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

കൊച്ചി: ചാനല്‍ പരിപാടികളിലൂടെയും നാടകങ്ങളിലൂടെയും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഗ്രഹീത കലാകാരന്‍ കിഷോര്‍ ഇന്ന് രോഗാവസ്ഥയിലാണ്. പ്രമുഖ നടി സേതുലക്ഷ്മിയുടെ മകനായ കിഷോറിന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് വിവരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ ടി.സി. രാജേഷ് സിന്ധു എഴുതിയ ഫെയിസ്ബുക്ക് കുറിപ്പ്. രണ്ട് വൃക്കകളും തകരാറിലായ മകനെ സാമ്പത്തിക സഹായം ആവശ്യമുണ്ടെന്ന് കാണിച്ച് നേരത്തെ സേതുലക്ഷ്മി ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വൈറലായിരുന്നു. നാടക-കോമഡി ഷോ വേദികളില്‍ നിറഞ്ഞു നിന്ന കിഷോറിന്റെ രണ്ട് വൃക്കകളും തകരാറിലായിട്ട് വര്‍ഷങ്ങളായി. ഇനി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമെ അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയൂ.

ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സേതുലക്ഷ്മിക്കും കിഷോറിനും താങ്ങാനാവുന്നതിലും അപ്പുറമാണ് ശസ്ത്രക്രിയക്ക് ആവശ്യമായ ചെലവ്. നടി പൊന്നമ്മ ബാബു ഉള്‍പ്പെടെയുള്ളവര്‍ വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും പണച്ചെലവ് ഇവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സഹായിക്കാന്‍ കഴിയുന്നവര്‍ അധികം വൈകാതെ തന്നെ ഈ കലാകാരനെ സഹായിക്കണമെന്ന് രാജേഷ് സിന്ധു ഫെയിസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഈ ചിത്രത്തില്‍ നടി സേതുലക്ഷ്മിക്കൊപ്പം കാണുന്നത് അവരുടെ മകന്‍ കിഷോറിനെയാണ്. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്സ് സ്ഥിരമായി കണ്ടിരുന്നവര്‍ കിഷോറിനെ മറക്കാന്‍ സാധ്യതയില്ല. അത്രമാത്രം നിങ്ങളെ ചിരിപ്പിച്ചിട്ടുണ്ടാകും ഈ അനുഗ്രഹീത നടന്‍. പക്ഷേ, ഇന്ന് കിഷോര്‍ രണ്ട് വൃക്കകളും തകരാറിലായി ആശുപത്രിക്കിടക്കയിലാണ്. വൃക്കമാറ്റിവയ്ക്കാനുള്ള പണത്തിനായി അമ്മയും മകനും കനിവുള്ളവരുടെ കരുണതേടുകയാണ്.

2005ലോ 2006ലോ മറ്റോ ആണ ഞാന്‍ ‘ചിന്നപ്പാപ്പാന്‍’ നാടകം കാണുന്നത്. അതിലെ ‘വെള്ളത്തിലാശാന്‍’ എന്ന കഥാപാത്രത്തെ മറക്കാനാകില്ല. ഇടവേളവരെ കാണികളെ കുടുകുടെച്ചിരിപ്പിച്ച് ഇടവേളയ്ക്കുശേഷം കൊടുംവില്ലനായി പകര്‍ന്നാടിയ കിഷോറിന്റെ വെള്ളത്തിലാശാന്‍ മലയാള നാടകവേദി കണ്ട കരുത്തേറിയ കഥാപാത്രങ്ങളിലൊന്നായിരുന്നു. ചിറയിന്‍കീഴ് അനുഗ്രഹയുടെ ഈ നാടകം നിര്‍മിച്ചതും കിഷോറായിരുന്നു. ആ നാടകത്തില്‍ കിഷോറിനൊപ്പം സേതുലക്ഷ്മിയും കിഷോറിന്റെ സഹോദരിയും അഭിനയിച്ചിരുന്നു. കണ്ണൂര്‍ വാസൂട്ടിയാണ് നാടകം സംവിധാനം ചെയ്ത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആ വര്‍ഷം ഏറ്റവും മികച്ച നാടകത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡി നേടിയ ചിന്നപ്പാപ്പാനിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം കിഷോറിനും സഹനടിക്കുള്ള പുരസ്‌കാരം സേതുലക്ഷ്മിക്കും ലഭിച്ചു. അമ്മയ്ക്കും മകനും ഒരേവര്‍ഷം ഒരേനാടകത്തില്‍ പുരസ്‌കാരം കിട്ടിയെന്നതായിരുന്നു പ്രത്യേകത. ആഘോഷിക്കാന്‍ പക്ഷേ, അത് സിനിമയല്ലല്ലോ. നാടകത്തില്‍ സേതുലക്ഷ്മിച്ചേച്ചി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമായിരുന്നു കിഷോറിനെന്ന പ്രത്യേകതയുമുണ്ടായിരുന്നു. അതിനു മുന്‍പ് പലതവണ സേതുലക്ഷ്മി മികച്ച നാടകനടിക്കുള്ള അക്കാദമി പുരസ്‌കാരവും നേടിയിരുന്നു. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരത്തിന് ഇന്നും ആരും വലിയ വിലയൊന്നും കല്‍പിക്കാത്തതിനാലാകണം രോഗക്കിടക്കയിലായ കിഷോറിനെ സാംസ്‌കാരിക വകുപ്പുപോലും ഇതുവരെ കണ്ടിട്ടില്ല.

പത്തുവര്‍ഷത്തിലേറെയായി കിഷോറിന്റെ വൃക്കകള്‍ രണ്ടും തകരാറിലായിട്ട്. അന്ന് ഡോക്ടര്‍മാര്‍ വൃക്കമാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതാണ്. കിഷോറിന് ഹൃദയസംബന്ധമായ ചില പ്രശ്നങ്ങളുള്ളതിനാല്‍ വൃക്കമാറ്റിവയ്ക്കല്‍ ബുദ്ധിമുട്ടാണെന്ന് പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവത്രെ. പത്തുവര്‍ഷത്തിലേറെയായി ഡയാലിസിസിലൂടെയാണ് കിഷോര്‍ ജീവിച്ചത്. ഏഷ്യാനെറ്റിന്റെ ഫ്ളോറിലുള്‍പ്പെടെ നിങ്ങളെ ചിരിപ്പിക്കുമ്പോഴും കിഷോര്‍ സ്ഥിരമായി ഡയാലിസിസ് ചെയ്തിരുന്നു. ഇപ്പോള്‍ വൃക്ക മാറ്റിവയ്ക്കാതെ നിര്‍വ്വാഹമില്ലെന്നു വന്നിരിക്കുന്നു. ഹൃദയത്തിന്റെ പ്രശ്നങ്ങള്‍ ചികില്‍സയിലൂടെ മാറിയെന്നാണ് പറയുന്നത്.

വൃക്ക മാറ്റിവയ്ക്കാന്‍ ലക്ഷങ്ങള്‍ വേണം. ഒപ്പം ദാതാവിനേയും കണ്ടെത്തണം. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടി പൊന്നമ്മ ബാബു ഉള്‍പ്പെടെ ചിലര്‍ വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ, ക്രോസ് മാച്ചില്‍ അത് ചേരണം. വൃക്ക ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറാകുമെന്നും അനുയോജ്യമായത് കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണിവര്‍. പക്ഷേ, ശസ്ത്രക്രിയക്കുള്ള പണമാണ് പ്രശ്നം. തനിക്ക് അഭിനയത്തിലൂടെ കിട്ടുന്ന വരുമാനത്തിലൂടെ ഇതുവരെ കാര്യങ്ങള്‍ ഭംഗിയായി പോയിരുന്നെന്നും വലിയൊരു തുക കണ്ടെത്താനാണ് വിഷമമെന്നും സേതുലക്ഷ്മിച്ചേച്ചി പറയുന്നു.

ഇന്നലെ പിആര്‍എസ് ആശുപത്രിയില്‍ ഞാന്‍ പോയിരുന്നു. നെടുങ്കണ്ടത്ത് ചിന്നപ്പാപ്പാന്‍ കളിക്കാന്‍ വന്നപ്പോള്‍ മുതല്‍ കിഷോറുമായും ചേച്ചിയുമായുള്ള ബന്ധമാണ്. രോഗക്കിടക്കയില്‍ അവശനായി കിടക്കുമ്പോഴും പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചുമാണ് കിഷോറിന്റെ സംസാരം. ഡയാലിസിസ് ചെയ്യുന്നിടത്തുനിന്ന് രണ്ട് ടെക്നീഷ്യന്മാര്‍ കിഷോറിനെ കാണാനെത്തി. ‘ചേട്ടന്‍ ഡയാലിസിസിനു വന്നാല്‍ ഫുള്‍ കോമഡിയാണെന്നും രണ്ടുവര്‍ഷം മാത്രം പ്രവൃത്തിപരിചയമുള്ള തങ്ങള്‍ക്ക് പത്തുവര്‍ഷത്തെ പരിചയമുള്ള കിഷോറാണ് കാര്യങ്ങള്‍ പറഞ്ഞുപറഞ്ഞുതരുന്ന’തെന്നും അവരുടെ കമന്റ്.

ആശുപത്രിയില്‍ നിന്ന് തിരിച്ചിറങ്ങാന്‍ നേരം ഫെയ്സ് ബുക്കില്‍ പോസ്റ്റിടാമെന്നു പറഞ്ഞു. അങ്ങിനെയെങ്കില്‍ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി കൊടുക്കാമോ എന്ന് ചേച്ചി ചോദിച്ചു. നാടറിയുന്ന, സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച ഒരു നടിയാണ് സഹായംചോദിച്ച് കൈനീട്ടുന്നത്. ചേച്ചിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇതോടൊപ്പം നല്‍കുന്നു. സഹായിക്കാനാകുന്നവര്‍ സഹായിക്കുക…

Sethulekshmi G
Indian Overseas Bank, Thycaud Branch
A/C No: 130301000008011
IFSC : IOBA0001303

DONT MISS