ലൊക്കേഷനുകളിലെ ലഹരിമരുന്ന് റെയ്ഡ് അപ്രായോഗികമെന്ന് ബി.ഉണ്ണികൃഷ്ണന്‍

ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ലഹരിമരുന്ന് റെയ്ഡ് അപ്രായോഗികമെന്ന് ഫെഫ്ക.
 | 
ലൊക്കേഷനുകളിലെ ലഹരിമരുന്ന് റെയ്ഡ് അപ്രായോഗികമെന്ന് ബി.ഉണ്ണികൃഷ്ണന്‍

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ലഹരിമരുന്ന് റെയ്ഡ് അപ്രായോഗികമെന്ന് ഫെഫ്ക. നിര്‍മാതാക്കളുടെ സംഘടന ഇക്കാര്യത്തില്‍ നടത്തിയ പരാമര്‍ശം അതിവൈകാരികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം വിഷയത്തില്‍ കൂട്ടായ ചര്‍ച്ച വേണമെന്നും ഷെയ്‌നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഷെയ്ന്‍ പെരുമാറിയ രീതി തെറ്റാണ്. സിനിമയില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെ ഷെയ്ന്‍ കാണണം. ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ബി.ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്.

ഇപ്പോള്‍ ഷെയ്ന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കാനും ഈ ചിത്രങ്ങള്‍ക്ക് ചെലവായ ഏഴ് കോടി രൂപ ഷെയ്‌നില്‍ നിന്ന് ഈടാക്കാനുമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. പണം നല്‍കാതെ ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.