മുളയിലേ നുള്ളുന്നവര്‍ ആരെന്ന് വെളിപ്പെടുത്തണം; നീരജ് മാധവിന്റെ പോസ്റ്റിന് വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക

നടന് നീരജ് മാധവ് നടത്തിയ തുറന്നു പറച്ചിലില് വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക.
 | 
മുളയിലേ നുള്ളുന്നവര്‍ ആരെന്ന് വെളിപ്പെടുത്തണം; നീരജ് മാധവിന്റെ പോസ്റ്റിന് വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക

കൊച്ചി: നടന്‍ നീരജ് മാധവ് നടത്തിയ തുറന്നു പറച്ചിലില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക. നീരജിന്റെ ഫെയിസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടണമെന്ന് താരസംഘടന അമ്മയ്ക്ക് നല്‍കിയ കത്തില്‍ ഫെഫ്ക പറയുന്നു. എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതിന് പകരം ആരോപണ വിധേയരുടെ പേരുകള്‍ വ്യക്തമാക്കണമെന്ന് നീരജിനോട് ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നീരജ് പരാമര്‍ശിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ പേര് വെളിപ്പെടുത്തണം. ഇതു കൂടാതെ വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളാന്‍ കൂടിയാലോചിക്കുന്ന ചിലരുണ്ടെന്ന് നടന്‍ പറഞ്ഞിരുന്നു. അത്തരക്കാരെ ഇല്ലാതാക്കേണ്ടത് സിനിമയിലെ ട്രേഡ് യൂണിയനുകളുടെ കടമയാണ്. അവരെ കുറിച്ചുള്ള വിശദാംശങ്ങളും നല്‍കണം. നടപടിയെടുക്കാന്‍ ഒപ്പം നില്‍ക്കാമെന്നും ഫെഫ്കയുടെ കത്തില്‍ പറയുന്നു.

സിനിമയിലെ ഹെയര്‍ ഡ്രസര്‍മാരുടെ പകുതി ശമ്പളം മാത്രമായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നതെന്ന് നീരജ് പറഞ്ഞിരുന്നു. ഇത് സ്ത്രീവിരുദ്ധമാണെന്നും ഇത്തരം പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്താന്‍ നീരജിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് നീരജ് തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്.