തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി

നിലവിലെ സാഹചര്യത്തില് നാസിലുമായി മധ്യസ്ഥ ചര്ച്ചകള്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് തുഷാര്.
 | 
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി

അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി തുഷാറിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ കേസില്‍ 3 കോടി രൂപ നല്‍കി ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് തുഷാര്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ളയെ അറിയിച്ചിരുന്നു. എന്നാല്‍ 6 കോടി രൂപ നല്‍കാതെ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറെല്ലെന്ന് നാസില്‍ നിലപാടറിയിച്ചു. ഇതോടെ കോടതിക്ക് പുറത്തുനടന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടു.

നാസില്‍ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ തുടക്കം മുതല്‍ക്കെ ഉന്നയിച്ച വാദം. നാസില്‍ ഹാജരാക്കിയ രേഖകള്‍ തുഷാറിനെതിരായ ആരോപം തെളിയിക്കാന്‍ പ്രാപ്തമല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നേരത്തേ നാട്ടിലേക്ക് തുഷാര്‍ പോകുന്നത് തടയാന്‍ നാസില്‍ നല്‍കിയ സിവില്‍ കേസും കോടതി തള്ളിയിരുന്നു. തുഷാര്‍ ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാസിലിന് ഒരു പൈസ പോലും നല്‍കാനില്ലെന്ന് തുഷാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

നാസിലിന് പണമൊന്നും നല്‍കാനില്ല. അയാളെ കരാര്‍ ജോലികള്‍ ഏല്‍പ്പിച്ചത് പ്രകാരം തനിക്കാണ് നഷ്ടം വന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് ഇങ്ങോട്ടാണ് പണം നല്‍കേണ്ടത്. സാമ്പത്തിക പ്രശ്നമുള്ളതുകൊണ്ട് നാസിലിന് ഒരു ലക്ഷം ദിര്‍ഹം കൊടുക്കാമെന്ന് താന്‍ പറഞ്ഞതെന്നും അത് ദാനം പോലെയാണെന്ന് കരുതിയാല്‍ മതിയെന്നും തുഷാര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ നാസിലുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് തുഷാര്‍.

തന്റെ അറിവില്‍ ആര്‍ക്കും താന്‍ ചെക്ക് കൊടുത്തിട്ടില്ല. എവിടെനിന്നോ മോഷ്ടിച്ചതാണ്. താന്‍ ഒപ്പിട്ട ലെറ്റര്‍ഹെഡ് വരെ ഉണ്ടെന്ന് പറയുന്നു. ചെക്കിലെ ഒപ്പ് തന്റേത് തന്നെയാണ്. തന്റെ ഓഫീസില്‍ നിന്ന് ആരെങ്കിലും തന്നെ നല്‍കിയതാവാന്‍ സാധ്യതയുണ്ടെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് പണം നല്‍കി സംഘടിപ്പിച്ചതാണെന്ന ആരോപണം നാസില്‍ നിഷേധിച്ചിട്ടുണ്ട്.