മലയാള പരസ്യചിത്ര രംഗത്ത് ആദ്യ ഡിജിറ്റല്‍ ഫിലിം പരീക്ഷണം; ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രം വൈറലാകുന്നു

മലയാള പരസ്യചിത്ര രംഗത്ത് ആദ്യമായി ഡിജിറ്റല് ഫിലിം പരീക്ഷണം.
 | 
മലയാള പരസ്യചിത്ര രംഗത്ത് ആദ്യ ഡിജിറ്റല്‍ ഫിലിം പരീക്ഷണം; ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രം വൈറലാകുന്നു

കൊച്ചി: മലയാള പരസ്യചിത്ര രംഗത്ത് ആദ്യമായി ഡിജിറ്റല്‍ ഫിലിം പരീക്ഷണം. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന അദിതി സണ്‍ഫ്‌ളവര്‍ ഓയിലിന്റെ പരസ്യമാണ് ഈ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യചിത്രങ്ങളുടെ സാധാരണ രീതികള്‍ വിട്ട് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ചിത്രീകരിക്കുന്ന ഈ രീതി മലയാളികള്‍ക്ക് അത്ര പരിചയമുള്ളതല്ല. പരസ്യമെന്നതിലുപരിയായി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു സന്ദേശവും കൂടി ചേര്‍ത്തിണക്കുന്നതാണ് ഇതിന്റെ രീതി.

ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെ സന്ദേശം നല്‍കുകയാണ് ഈ ഡിജിറ്റല്‍ ഫിലിം. കമ്മാരസംഭവം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഡിജിറ്റല്‍ ഫിലിമിന്റെ ഛായാഗ്രഹണം കമ്മാരസംഭവത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സുനില്‍ കെ.എസ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ജല്ലിക്കട്ടിന്റെ എഡിറ്ററായ ദീപു ജോസഫും നിര്‍വഹിച്ചിരിക്കുന്നു. അവിയല്‍ ബാന്‍ഡിലെ അംഗമായ നേഹ നായരും യാക്‌സണ്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.

കൊച്ചിയില്‍ വെച്ചാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം