കൊറോണ ഭീഷണി; കേരളത്തില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി

കൊറോണ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനാല് കേരളത്തില് നിന്ന് പോയ മത്സ്യത്തൊഴിലാളികള് ഇറാനില് കുടുങ്ങിക്കിടക്കുന്നു.
 | 
കൊറോണ ഭീഷണി; കേരളത്തില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി

കൊച്ചി: കൊറോണ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കേരളത്തില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനില്‍ ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇവര്‍. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിയത്.

ഈ പ്രദേശങ്ങളില്‍ നിന്നുള്ള 17 പേര്‍ സംഘത്തിലുണ്ടെന്നാണ് വിവരം. മത്സ്യബന്ധന വിസയില്‍ നാല് മാസം മുന്‍പ് ഇറാനില്‍ എത്തിയതാണ് ഇവര്‍. കോവിഡ് 19 ജാഗ്രതാ നിര്‍ദേശം ഏര്‍പ്പെടുത്തിയതോടെ ഇവര്‍ക്ക് മുറിയില്‍നിന്നുപോലും പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇവര്‍ക്ക് ആഹാരം ലഭിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ ഈ സംഘത്തിലുണ്ടെന്നാണ് സൂചന. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാന്‍ ശ്രമം തുടങ്ങിയതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി സര്‍ക്കാര്‍ ബന്ധപ്പെടുമെന്നും മറ്റു നടപടികള്‍ക്കായി നോര്‍ക്കയെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.