Thursday , 13 December 2018
Kalyan
News Updates

സഹോദരീ സ്ഥാനത്ത് മാളികപ്പുറത്തമ്മയെ പ്രതിഷഠിച്ച അയ്യപ്പന് സ്ത്രീ സാന്നിധ്യം ദേവീ സാന്നിധ്യം; പന്തളം രാജാവിന്റെ അഭിമുഖം പറയുന്നത് ഇങ്ങനെ

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി പന്തളം രാജാവായിരുന്ന പി. രാമവര്‍മ്മ രാജ പറഞ്ഞതിന്റെ തെളിവുകള്‍ പുറത്ത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും സന്ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് പി.രാമവര്‍മ്മ രാജ ഒരു അഭിമുഖത്തിലാണ് പറഞ്ഞത്. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വൈറ്റ് ലൈന്‍ വാര്‍ത്തയ്ക്ക് 2009 ഡിസംബറില്‍ നല്‍കിയ അഭിമുഖത്തിലാണ് പന്തളം രാജാവ് തന്റെ നിലപാട് വ്യക്തമാക്കിയത്.

സഹോദരീ സ്ഥാനത്ത് മാളികപ്പുറത്തിനെ പ്രതിഷ്ഠിച്ച മണികണ്ഠന് സ്ത്രീ സാമീപ്യം ദേവീസാന്നിധ്യം തന്നെയാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്കും സന്ദര്‍ശിക്കുവാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഉണ്ടാകണമെന്നും രാമവര്‍മ രാജ പറയുന്നു. ഏതോ പന്തളത്തു തമ്പുരാട്ടി രജസ്വലയായിരിക്കെ എതിര്‍പ്പിനെ വക വയ്ക്കാതെ തിരുവാഭരണത്തെ അനുഗമിച്ചുവെന്നും ശാപം കൊണ്ട് ശിലയായെന്നുമാണ് ഐതിഹ്യം. പക്ഷെ എല്ലാ കീഴ്വഴക്കങ്ങളും കാലാനുസൃതമായി മാറണമെന്ന് തന്നെയാണ് തന്റെ പക്ഷം.

സ്ത്രീകള്‍ ഭക്തന്മാരുടെ നിഷ്ഠകളെ ഭംഗിക്കുമെന്ന് പറയുകയാണെങ്കില്‍ 5 കോടി ഭക്തന്മാരെ അനാദരിക്കുകയാണ്. അവര്‍ വ്രത ശുദ്ധിയുള്ള അയ്യപ്പന്റെ തത്‌സ്വരൂപങ്ങള്‍ തന്നെയാണെന്നും രാമവര്‍മ രാജ വ്യക്തമാക്കുന്നു. ശബരിമല വിധിക്കെതിരെ പന്തളം മുന്‍ രാജകുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പന്തളം രാജാവിന്റെ സ്ഥാനത്തിരുന്ന രാമവര്‍മ രാജയുടെ ഈ വാക്കുകള്‍ പ്രസക്തമാകുന്നത്.

വിധിക്കെതിരെ രാജകുടുംബവും പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ചങ്ങനാശേരിയില്‍ നടന്ന പ്രതിഷേധത്തിലും രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പ്രശ്‌നത്തില്‍ ഒരു കൊടിയുടെ കീഴിലും സമരത്തിനില്ലെന്ന് രാജകുടുംബം അല്പ സമയം മുമ്പ് അറിയിച്ചിരുന്നു. ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.

DONT MISS