ഐഎസ്എല്‍; കൊച്ചിയിലെ മത്സരങ്ങള്‍ക്ക് 10 ശതമാനം സൗജന്യ ടിക്കറ്റുകള്‍ വേണമെന്ന് ജിസിഡിഎ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂര് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മത്സരങ്ങള്ക്ക് 10 ശതമാനം സൗജന്യ ടിക്കറ്റുകള് നല്കണമെന്ന് ജിസിഡിഎ.
 | 
ഐഎസ്എല്‍; കൊച്ചിയിലെ മത്സരങ്ങള്‍ക്ക് 10 ശതമാനം സൗജന്യ ടിക്കറ്റുകള്‍ വേണമെന്ന് ജിസിഡിഎ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ മത്സരങ്ങള്‍ക്ക് 10 ശതമാനം സൗജന്യ ടിക്കറ്റുകള്‍ നല്‍കണമെന്ന് ജിസിഡിഎ. സ്‌റ്റേഡിയം ഉടമയായ ജിസിഡിഎ ഈ ആവശ്യം കൊച്ചി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചു. കൊച്ചിയിലെ മത്സരങ്ങളില്‍ ഇപ്പോള്‍ തന്നെ നാലിലൊന്ന് കോംപ്ലിമെന്ററി ടിക്കറ്റുകളിലാണ് നടക്കുന്നത്. കൊച്ചി കോര്‍പറേഷന്‍, പോലീസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയ്ക്കും സൗജന്യ ടിക്കറ്റുകള്‍ നല്‍കേണ്ടി വരുന്നുണ്ടെന്നാണ് മാനേജ്‌മെന്റ് അറിയിക്കുന്നത്.

ജിസിഡിഎയ്ക്ക് ഏഴ് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സ് ഓരോ വര്‍ഷവും നല്‍കുന്നത്. ഒരു കോടി രൂപ സെക്യൂരിറ്റി ഇനത്തിലും നല്‍കിയിട്ടുണ്ട്. ഇത് രണ്ട് കോടിയാക്കണമെന്നും വാടക വര്‍ദ്ധിപ്പിക്കണമെന്നുമാണ് ജിഡിഡിഎയുടെ ആവശ്യം. ഓരോ മാച്ചിനും 5 ലക്ഷം രൂപയാണ് വാടക. ഇതു കൂടാതെയാണ് 20 ലക്ഷം രൂപയുടെ സൗജന്യ ടിക്കറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നത്. ഇത് 10 ശതമാനമാക്കണമെന്നാണ് പുതിയ ആവശ്യം. സ്റ്റേഡിയം വേണ്ട വിധത്തില്‍ പരിപാലിക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുന്നതില്‍ ജിസിഡിഎയുടെ ഭാഗത്തു നിന്ന് ശരിയായ സഹകരണം ഇല്ലെന്നും ബ്ലാസ്‌റ്റേഴ്‌സിന് പരാതിയുണ്ട്.

ഐഎസ്എല്‍ ഉദ്ഘാടന മത്സരം ഒക്ടോബര്‍ 20ന് കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ചാണ് നടത്തിയത്. സൗജന്യമായി അധിക ടിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആളുകളെ കയറ്റി വിട്ടുവെന്നും ആക്ഷേപമുണ്ട്. ആകെ 24,000 ടിക്കറ്റുകളാണ് മത്സരത്തിനു വേണ്ടി നല്‍കിയത്. എന്നാല്‍ സ്റ്റേഡിയത്തില്‍ 28,000ത്തോളം ആളുകള്‍ കളികാണാന്‍ എത്തിയിട്ടുണ്ടായിരുന്നു. ഓരോ മത്സരത്തിനും പോലീസിന് 10 ലക്ഷം രൂപയാണ് നല്‍കേണ്ടത്. ഇത് കൂടാതെ 600 ടിക്കറ്റുകള്‍ കോംപ്ലിമെന്ററിയായും നല്‍കുന്നുണ്ട്. ഏഴ് ലക്ഷം രൂപയുടെ ടിക്കറ്റാണ് ഇത്.

ഈ പ്രശ്‌നങ്ങള്‍ മൂലം കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ നിന്ന് ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചനയിലാണ്. മൂന്നാം തിയതി നടക്കുന്ന മാനേജ്‌മെന്റിന്റെ ഉന്നതതല യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.