സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്; വെള്ളിക്ക് പ്രിയമേറുന്നു

2019ല് മാത്രം വെള്ളി ഇറക്കുമതി 72 ശതമാനം വര്ധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള് വ്യക്തമാക്കുന്നത്.
 | 
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്; വെള്ളിക്ക് പ്രിയമേറുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് ഇന്ന് എട്ട് രൂപയാണ് വര്‍ദ്ധിച്ചത്. ഗ്രാമിന് 3,526 രൂപയും പവന് 28,208 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയാഴ്ച്ച (22 ക്യാരറ്റ്) 28,200 രൂപ എന്ന നിലവാരത്തിലായാരുന്നു വ്യാപാരം നടന്നത്. സെപ്റ്റംബര്‍ നാലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 29,120രൂപയിലേക്ക് കുതിച്ചുയര്‍ന്ന ശേഷം തുടര്‍ച്ചയായി സ്വര്‍ണനിരക്ക് തകര്‍ച്ച നേരിട്ടിരുന്നു.

സെപ്റ്റംബര്‍ 20ന് 27,680 രൂപയായിരുന്നു വിപണി മൂല്യം. പിന്നീട് പതിയെ ശക്തി പ്രാപിച്ചെങ്കിലും ഇത് നിലനിര്‍ത്താനായില്ല. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1,490.75 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം സ്വര്‍ണത്തിനു 47.9 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,928.73 ഡോളറുമാണ് വില. അതേസമയം വെള്ളിക്ക് രാജ്യത്ത് പ്രിയമേറുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

2019ല്‍ മാത്രം വെള്ളി ഇറക്കുമതി 72 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റില്‍ വെള്ളി ഇറക്കുമതി 543.21 ടണ്ണായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 316.4 ടണ്‍ മാത്രമായിരുന്നു. ലോകത്തില്‍ രണ്ടാമത്തെ സ്വര്‍ണ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ ഇറക്കുമതി കഴിഞ്ഞ മൂന്ന് വര്‍ഷത്തിലെ ഏറ്റവും താണ നിലയിലാണെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്.