ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; പ്ലേസ്റ്റോറില്‍ ഉടന്‍ എത്തും

മദ്യ വിതരണത്തിനുള്ള വിര്ച്വല് ക്യൂ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി
 | 
ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; പ്ലേസ്റ്റോറില്‍ ഉടന്‍ എത്തും

തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള വിര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഇന്ന് രാവിലെയോടെയാണ് അനുമതി ലഭ്യമായത്. നാളെയോ മറ്റന്നാളോ ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ എത്തും. പ്രഖ്യാപനം മുതല്‍ തന്നെ മദ്യ ഉപഭോക്താക്കള്‍ ആപ്പിനായി കാത്തിരിക്കുകയാണ്. ആപ്പിന് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി മലയാളികള്‍ ഗൂഗിളിന്റെ ഫെയിസ്ബുക്ക് പേജില്‍ വരെ എത്തിയിരുന്നു.

ആപ്പിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ മദ്യവിതരണം ഈയാഴ്ച തന്നെ ആരംഭിക്കാന്‍ കഴിയുമെന്നാണ് സൂചന. എക്സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് ചര്‍ച്ച നടത്തും. മദ്യ വില്‍പന എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമെടുക്കും.

ആപ്പിന്റെ ലോഡ് ടെസ്റ്റും സെക്യൂരിറ്റി ടെസ്റ്റുമാണ് ഇനി ബാക്കിയുള്ളത്. ഒരേ സമയം ലക്ഷക്കണക്കിന് ആളുകള്‍ ആപ്പില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ആപ്പ് തകരാറിലാകുമോ എന്ന് പരിശോധിക്കുകയാണ് ലോഡ് ടെസ്റ്റില്‍ ചെയ്യുന്നത്. ഹാക്കിംഗ് പോലെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന് സെക്യൂരിറ്റി ടെസ്റ്റിലും പരിശോധിക്കും.

ആപ്പിന്റെ ഉപഭോക്താവിന്റെ പിന്‍കോഡ് അടിസ്ഥാനമാക്കിയാണ് ഇ-ടിക്കറ്റ് നല്‍കുന്നത്. ഏത് മദ്യശാലയിലാണ് എത്തേണ്ടതെന്നും സമയവും ഇതില്‍ ലഭ്യമാകും. ഇതനുസരിച്ച് എത്തിയാല്‍ മദ്യം വാങ്ങാനാകും. ഇ-ടിക്കറ്റിലെ ക്യൂആര്‍ കോഡ് മദ്യവില്‍പന കേന്ദ്രങ്ങളില്‍ സ്‌കാന്‍ ചെയ്യും. മൂന്ന് ലിറ്റര്‍ മദ്യമാണ് ഒരാള്‍ക്ക് പരമാവധി നല്‍കുക. ഒരു തവണ വാങ്ങിയാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ വീണ്ടും വാങ്ങാന്‍ കഴിയൂ.