സിസ്റ്റര്‍ ലൂസിക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം

സിസ്റ്റര് ലൂസിയെ പുറത്താക്കാന് സഭ പുതിയ തന്ത്രങ്ങള് പുറത്തെടുക്കുന്നതായി ആരോപണം.
 | 
സിസ്റ്റര്‍ ലൂസിക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം

കല്‍പറ്റ: സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ സഭ പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നതായി ആരോപണം. തനിക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നതായി സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. തന്നെ കാണാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീംഅംഗമായ ഒരു വൈദികനാണ് ഇതിന് പിന്നിലെന്നും ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ പൂട്ടിയിട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരുടെ വീഡിയോയാണ് അപവാദ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. സിസ്റ്റര്‍ ലൂസി തന്നെയാണ് തന്നെ പൂട്ടിയിട്ട വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് അടുക്കള വാതില്‍ വഴിയാണ് സിസ്റ്റര്‍ ലൂസിയെ മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്.

മഠത്തില്‍ പുരുഷന്‍മാര്‍ കയറിയിറങ്ങുന്നു എന്ന വിധത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടന്നത്. സിസ്റ്റര്‍ ലൂസി മഠത്തില്‍ നിന്ന് പുറത്തു പോകണമെന്ന് കാട്ടി കഴിഞ്ഞ ദിവസം സഭ കുടുംബത്തിന് കത്ത് നല്‍കിയിരുന്നു.