ദിലീപിന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കരുത്, സ്വകാര്യത പ്രധാനം; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള് ദിലീപിന് നല്കരുതെന്ന് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില്.
 | 
ദിലീപിന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കരുത്, സ്വകാര്യത പ്രധാനം; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പീഡന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് കേസിലെ രേഖയാണെന്നും നടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാല്‍ ദിലീപിന് കൈമാറാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ വദിച്ചു.

ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ദൃശ്യങ്ങള്‍ കൈമാറരുതെന്ന ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കണമെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ അവ കൈമാറരുതെന്നുമാണ് നടി ആവശ്യപ്പെട്ടത്. കേസില്‍ കക്ഷിചേരണമെന്ന അപേക്ഷയും നടി നല്‍കിയിട്ടുണ്ട്.

കേസിന്റെ ഭാഗമായ രേഖകള്‍ കൈമാറണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണമെന്നാണ് നടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബസന്ത് കോടതിയില്‍ പറഞ്ഞത്. ദൃശ്യങ്ങള്‍ കൈമാറാന്‍ കോടതി അനുവദിച്ചാല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളില്‍ പോലും പ്രതികള്‍ ഇത്തരം ആവശ്യവുമായി രംഗത്തെത്തുമെന്നും ബസന്ത് ചൂണ്ടിക്കാട്ടി.