ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

വടക്കാഞ്ചേരി ലൈഫ് ഫ്ളാറ്റ് നിര്മാണ പദ്ധതിയില് സിബിഐ നടത്തുന്ന അന്വേഷണത്തിനെതിരെ സര്ക്കാര് ഹൈക്കോടതിയില്.
 | 
ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റ് നിര്‍മാണ പദ്ധതിയില്‍ സിബിഐ നടത്തുന്ന അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കി. നിയമ വ്യവസ്ഥയെ റദ്ദാക്കുന്നതാണ് സിബിഐ എഫ്‌ഐആര്‍ എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ കേസെടുത്തതിനെയും ഹര്‍ജി ചോദ്യം ചെയ്യുന്നു.

ഇതിനിടെ ലൈഫില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. കേസില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം വിജിലന്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിനിടെയാണ് ലൈഫ് മിഷന്‍ പദ്ധതിയും വിവാദത്തിലായത്. ഇതുമായി ബന്ധപ്പെട്ടുള്ള വിദേശ സഹായ നിയന്ത്രണ നിയമ ലംഘനത്തിലാണ് സിബിഐ എഫ്‌ഐആര്‍.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. സിബിഐ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനാകുമെന്നായിരുന്നു നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്.